ജോസിനു ജീവനൊടുക്കാൻ പ്രേരണയായത് അപമാനവും ഭയവും?
1591266
Saturday, September 13, 2025 5:05 AM IST
കൽപ്പറ്റ: മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് മെംബറും കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റുമായ ജോസ് നെല്ലേടത്തിന് ജീവനൊടുക്കാൻ പ്രേരണയായത് അപമാനവും ഭയവുമെന്ന് സൂചന.
പോർച്ചിൽ കാറിന് അടിയിൽ സ്ഫോടകവസ്തുക്കളും കർണാടക നിർമിത മദ്യവും വച്ചശേഷം പോലീസിൽ വിവരം നൽകി കോണ്ഗ്രസ് മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് പ്രസിഡന്റ് മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചനെ കേസിൽ കുടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായിരുന്നു ജോസ് നെല്ലേടം.
ചെയ്യാത്ത തെറ്റിന് 17 ദിവസം റിമാൻഡിൽ കഴിയേണ്ടിവന്ന തങ്കച്ചൻ, തനിക്കേതിരേ നടന്ന ഗൂഢാലോചനയിൽ ജോസിനും ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയിലെ ഉന്നതരടക്കം ചിലർക്കും പങ്കുണ്ടെന്നു പരസ്യമായി ആരോപിച്ചിരുന്നു. ഭാര്യ സിനി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുൽപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞത്.
തങ്കച്ചനെതിരായ ഗൂഢാലോചനയിൽ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ജോസിന്റെ മരണം. കോണ്ഗ്രസിൽ ഭിന്ന ചേരിയിൽപ്പെട്ടവരാണ് ജോസും തങ്കച്ചനും. മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ജോസിനെ അച്ചടക്ക ലംഘനത്തിന് കോണ്ഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. ആറു മാസം മുന്പാണ് സസ്പെൻഷൻ പിൻവലിച്ച് മണ്ഡലം വൈസ് പ്രസിഡന്റിന്റെ ചുമതല നൽകിയത്.
തങ്കച്ചൻ കള്ളക്കേസിൽ കുടുങ്ങിയാണ് രണ്ടാഴ്ചയിലധികം ജയിലിൽ കഴിഞ്ഞതെന്നു വ്യക്തമായതോടെ ജോസ് ഉൾപ്പെടെ കോണ്ഗ്രസിലെ ചിലർക്കെതിരേ തുടർച്ചയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടന്നിരുന്നു. ഇതുമൂലം ഉണ്ടായ അപമാനവും ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യുന്നതിന് പോലീസ് വിളിപ്പിക്കുമെന്ന ഭയവും ജോസിനെ അലട്ടിയിരുന്നു. മുള്ളൻകൊല്ലിക്കടുത്ത് താമസിക്കുന്ന മാധ്യമപ്രവർത്തകനെ ജോസ് രാവിലെ ഏഴരയോടെ ജോസ് ഫോണ് ചെയ്ത് കുറച്ചുകാര്യങ്ങൾ സംസാരിക്കണമെന്ന് അറിയിച്ച് വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു.
ജോസിന്റെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകനോട് സൈബർ ആക്രമണം വല്ലാതെ മുറിവേൽപ്പിക്കുന്നതായി ജോസ് പറയുകയുണ്ടായി. ഗൂഢാലോചനക്കേസിൽ അന്വേഷണം തന്റെ നേരേയും തിരിയാൻ ഇടയുള്ളതിനാൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാൻ തീരുമാനിച്ചതായും അറിയിച്ചു. മാധ്യമപ്രവർത്തകൻ വീട്ടിൽനിന്നു മടങ്ങി ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ജോസിനെ വീടിനടുത്ത് കുളത്തിൽ അവശനിലയിൽ കണ്ടെത്തിയത്.
ദീർഘകാലമായി പൊതുരംഗത്ത് സജീവമാണ് 55 കാരനായ ജോസ്. നാട്ടുകാർക്കിടയിൽ സമ്മതനുമാണ്. ഇതാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് പ്രദേശിക നേതൃത്വവുമായി പിണങ്ങി സ്വതന്ത്രനായി മത്സരിച്ച് വിജയിക്കാൻ സഹായകമായത്. കടമാൻതോട് ജലസേചന പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചും ജോസ് മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ ശ്രദ്ധ നേടിയിരുന്നു.
എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ജില്ലയിൽ ഉണ്ടായിരുന്ന ദിവസമാണ് ജോസ് ആത്മഹത്യക്ക് തെരഞ്ഞെടുത്തത്. ഒരു കാരണവശാലും രക്ഷപ്പെടരുതെന്ന നിർബന്ധബുദ്ധിയോടെയാണ് കീടനാശിനി കഴിക്കുകയും കൈഞരന്പ് മുറിക്കുകയും ചെയ്തശേഷം സ്വയം കാലുകൾ ബന്ധിച്ച് സ്വന്തം കൃഷിയിടത്തിലെ കുളത്തിൽ ജോസ് ചാടിയതെന്നാണ് പ്രദേശവാസികളുടെ അനുമാനം.
സമീപവാസി കണ്ടെത്തുന്പോൾ കുളത്തിന്റെ അരികിൽ പിടിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു ജോസ്. കീടനാശിനി കഴിച്ച വിവരം ജോസ് തന്നെയാണ് വെളിപ്പെടുത്തിയത്. കുളക്കരയിൽ വാക്കത്തിയും കീടനാശിനിയുടെ കുപ്പിയും ഉണ്ടായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല.