ഓവാലിയിൽ കാട്ടാന ആക്രമണം തുടർക്കഥ: നടപടി സ്വീകരിക്കാതെ അധികൃതർ
1590536
Wednesday, September 10, 2025 6:13 AM IST
13 ജീവനെടുത്ത് രാധാകൃഷ്ണൻ എന്ന ആന
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിൽ കാട്ടാന ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞു. ഒരു മാസത്തിനിടെ ഇവിടെ രണ്ട് മനുഷ്യ ജീവനുകളാണ് കാട്ടാനയെടുത്തത്. ഇന്നലെ രാവിലെ ബാർവുഡ് എസ്റ്റേറ്റ് മേഖലയിലെ ഗുയിന്റിലേക്ക് ഇരുചക്രവാഹനത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് എസ്റ്റേറ്റ് ജീവനക്കാരൻ ബാർവുഡ് സ്വദേശി പി.ബി. മെഹ്ബൂബ് എന്ന ഷംസുദ്ധീൻ (48) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന എസ്റ്റേറ്റ് ഫീൽഡ് ഓഫീസർ ചെല്ലദുരൈക്ക് പരിക്കേറ്റു. ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. ചെല്ലദുരൈയെ ഗൂഡല്ലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാന ആക്രമണങ്ങൾ തുടർകഥയായിട്ടും തമിഴ്നാട് സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പിന് സാധിക്കുന്നില്ല. ഓവാലിയിൽ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പിന് സാധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഓവാലി പഞ്ചായത്തിൽ ഭീതി പരത്തുന്ന രാധാകൃഷ്ണൻ എന്ന കൊലയാളി ആനയെ മയക്കുവെടിവച്ച് പിടികൂടി മുതുമലയിലേക്ക് കൊണ്ടു പോകാൻ വനംവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.
ആനയെ പിടികൂടണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു വരികയാണ്. ഈ ആനയെ പിടികൂടുന്നതിനായി പതിനഞ്ച് ദിവസം മുന്പ് വസീം, വിജയ് എന്നീ കുംകിയാനകളെ മുതുമല ആന ക്യാന്പിൽ നിന്ന് ഓവാലിയിൽ എത്തിച്ചെങ്കിലും മേലധികാരികളിൽ നിന്ന് ആനയെ പിടികൂടാനോ ഉൾവനത്തിലേക്ക് തുരത്തിയോടിക്കാനോ ഉള്ള ഓർഡർ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പറയപ്പെടുന്നത്.
കാട്ടാന കലിയിൽ മനുഷ്യ ജീവനുകൾ പൊലിയുന്പോഴും വനംവകുപ്പ് അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഓവാലി പഞ്ചായത്തിൽ 13 മനുഷ്യ ജീവനുകളാണ് രാധാകൃഷ്ണൻ എന്ന കൊലയാളി ആന ഇതുവരെ അപഹരിച്ചത്. പത്ത് വർഷമായി ഈ ആന ഓവാലിയിൽ ഭീതി പരത്തുകയാണ്.
നാട്ടുകാർ റോഡ് ഉപരോധിച്ചു
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ മേൽഗൂഡല്ലൂരിൽ ഊട്ടി-ഗൂഡല്ലൂർ ദേശീയ പാത ഉപരോധിച്ചു. മരണപ്പെട്ട ആളുടെ മകന് സർക്കാർ ജോലി നൽകുക, കാട്ടാന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
ഇന്നലെ രാവിലെ പത്ത് മുതൽ ആരംഭിച്ച സമരം അര മണിക്കൂർ നീണ്ടു. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും തുടക്കത്തിൽ ഫലം കണ്ടില്ല. സമരക്കാരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.
റോഡിന്റെ ഇരുവശങ്ങളിലും ധാരാളം വാഹനങ്ങൾ കുടുങ്ങി കിടന്നു. ദേവാല ഡിവൈഎസ്പി ജയപാൽ, ഗൂഡല്ലൂർ സിഐ രാജേന്ദ്ര പ്രസാദ്, എസിഎഫ്, തുഷാർ ഷിൻഡെ, തഹസിൽദാർ മുത്തുമാരി, ആശുപത്രി സിഎംഒ സുരേഷ്, ഓവാലി റേഞ്ചർ വീരമണി എന്നിവർ സ്ഥലത്തെത്തി രാഷ്ട്രീയ നേതാക്കളുമായും സമരക്കാരുമായും ചർച്ച നടത്തി.
മരണപ്പെട്ട ആളുടെ മകന് വില്ലേജ് ഓഫീസ് അസിസ്റ്റന്റ് ജോലി നൽകുമെന്നും പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം നൽകുമെന്നും വന്യജീവി പ്രശ്നത്തിന് പരിഹാരം കാണുമെന്നും രാധാകൃഷ്ണൻ ആനയെ പിടികൂടാനുള്ള ശ്രമം നടത്തുമെന്നും അറസ്റ്റു ചെയ്ത സമരക്കാരെ വിട്ടയക്കുമെന്നും ജനവാസ മേഖലയിൽ സോളാർ വേലി സ്ഥാപിക്കുമെന്നും ആശുപത്രിയിലെ ഡ്യുട്ടി ഡോക്ടർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അധികാരികൾ ഉറപ്പ് നൽകി.
അഡ്വ.എം. ദ്രാവിഡമണി, എം. പാണ്ഡ്യരാജ്, ബാബു, ഗൂഡല്ലൂർ നഗരസഭാ വൈസ് ചെയർമാൻ ശിവരാജ്, എൻ. വാസു, എ. മുഹമ്മദ് ഗനി, കെ. സഹദേവൻ, നാട്ടുകാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.