തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവം : പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
1590539
Wednesday, September 10, 2025 6:13 AM IST
പുൽപ്പള്ളി: കാനാട്ടുമലയിൽ തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രസാദിന്റെ മൊഴിയിൽ നിന്നും സംഭവത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവർ നിലവിൽ ഒളിവിലാണ്.
ഇവരുടെ ഫോണുകൾ ഓഫായ നിലയിലാണ്. സമൂഹമാധ്യമങ്ങളിലുൾപ്പടെ പോലീസിനെതിരേ പ്രതിഷേധം ശക്തമായതോടെ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ഉടൻപിടികൂടുന്നതിനുള്ള തീവ്രശ്രമത്തിലാണ്. സംഭവം വിവാധമായതോടെ വരുംദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി യഥാർഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: പ്രശാന്ത് മലവയൽ
പുൽപ്പള്ളി: കോണ്‍ഗ്രസ് നേതാവായ കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കാൻ ഒരു സംഘം ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ഇതിൽ കോണ്‍ഗ്രസ് നേതാക്കൾക്കൊപ്പം പോലീസിനും പങ്കുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ.
കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന നടത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ പാടില്ല. രാഷ്ട്രീയം നോക്കാതെ തങ്കച്ചനും അദ്ദേഹത്തിന്റെ കുടുംബത്തിനും ബിജെപി എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തങ്കച്ചനെ വീട്ടിലെത്തി ബിജെപി നേതാക്കൾ പിന്തുണയറിയിച്ചു. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ഡി. ഷാജിദാസ്, മണ്ഡലം പ്രസിഡന്റ് മനു പ്രസാദ്, ജനറൽ സെക്രട്ടറി ഇ.കെ. സനിൽകുമാർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഐക്കരശേരി ഗോപാലകൃഷ്ണൻ നായർ, ജോബിഷ് മാവാടിയിൽ, രാജൻ പാറയ്ക്കൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
കുറ്റക്കാർക്കെതിരേ നടപടി വേണം ബിജെപി
പുൽപ്പള്ളി: കോണ്‍ഗ്രസ് നേതാവ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യുകയും കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചമൂലം നിരപരാധിയായ തങ്കച്ചനെ 17 ദിവസം ജയിലിൽകിടക്കേണ്ടിവന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. വാർത്താസമ്മേളനത്തിൽ ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ഡി. ഷാജിദാസ്, മണ്ഡലം പ്രസിഡന്റ് മനു പ്രസാദ്, ജനറൽ സെക്രട്ടറി ഇ.കെ. സനിൽകുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഐക്കരശേരി ഗോപാലകൃഷ്ണൻ, പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അരുണ്‍, ജോബിഷ് മാവടിയിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ വാർഡ് പ്രസിഡന്റിന്റെ വീട്ടിൽ മദ്യവും സ്ഫോടകവസ്തുക്കളും ഒളിപ്പിച്ചുവച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലടപ്പിച്ച കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേക്കാലങ്ങളായി മുള്ളൻകൊല്ലി പഞ്ചായത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തർക്കം തെരുവ് യുദ്ധമായി മാറിക്കഴിഞ്ഞിരുന്നു. ഡിസിസി പ്രസിഡന്റിനെ കൈയേറ്റം ചെയ്യുന്ന സാഹചര്യം പോലുമുണ്ടായി.
ഡിസിസി പ്രസിഡന്റിന്റെ ഗ്രൂപ്പിൽപെടാത്ത ഇതര ഗ്രൂപ്പ് പ്രവർത്തകരെ ഏതുവിധേനയും തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയതിന് കാരണമെന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയ ശത്രുക്കൾ പോലും ചെയ്യാത്ത മാർഗമുപയോഗിച്ചാണ് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയത്. തങ്കച്ചന്റെ മൊഴി വിശ്വാസത്തിലെടുത്ത് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെപങ്ക് വെളിച്ചത്ത് കൊണ്ടുവരണം.
ചാരായവും സ്ഫോടകവസ്തുക്കളും വീട്ടിൽ വയ്പ്പിച്ചവരുടെ ക്വട്ടേഷൻ സംഘവുമായുള്ള അവിഹിതബന്ധം സംബന്ധിച്ച് പഴുതടച്ച് അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ പോലീസിനുണ്ടായ ജാഗ്രതക്കുറവും പിഴവും പരിശോധിക്കണമെന്നും സിപിഐ മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പി.വി. പീറ്റർ അധ്യക്ഷത വഹിച്ചു. ടി.ജെ. ചാക്കോച്ചൻ, ടി.സി. ഗോപാലൻ, വി.എൻ. ബിജു, ജയ്മോൻ, ദിവാകരൻ നായർ എന്നിവർ പ്രസംഗിച്ചു.