തെരുവുനായയുടെ കടിയേറ്റ് മൂന്നാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്
1590234
Tuesday, September 9, 2025 4:48 AM IST
പനമരം: പനമരം ഗവ. എൽപി സ്കൂൾ വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. പനമരം ഗവ. എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയും നീരട്ടാടി നൂറുദ്ധീൻ ഉസ്താദിന്റെ മകനുമായ മുഹമ്മദ് ബിഷ്റുൽ ഹാഫി (എട്ട്) ക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ സ്കൂളിലെത്തിയ കുട്ടിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഒച്ചവച്ചതോടെയാണ് നായ പിൻതിരിഞ്ഞത്. ഇടതുകാലിന് പരിക്കേറ്റ കുട്ടിയെ പനമരം സിഎച്ച്സിയിൽ എത്തിക്കുകയും തുടർന്ന് രക്ഷിതാക്കളെത്തി മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി.
ഓണാവധിയ്ക്ക് സ്കൂൾ പൂട്ടിയപ്പോൾ സ്കൂളും പരിസര പ്രദേശവും തെരുവ് നായയുടെ ആവാസ കേന്ദ്രമായി മാറിയിരുന്നു. ഇന്നലെ സ്കൂൾ തുറന്നെങ്കിലും കോന്പൗണ്ടിൽ കഴിഞ്ഞിരുന്ന നായ്ക്കൾ ഇവിടം വിട്ടു പോയിരുന്നില്ല.