പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പ് വരുത്തുന്നതാവണം ജില്ലയിലെ ടൂറിസം വികസനം: മന്ത്രി ഒ.ആർ. കേളു
1590264
Tuesday, September 9, 2025 5:48 AM IST
മാനന്തവാടി: പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തിക്കൊണ്ടാവണം ജില്ലയിലെ ടൂറിസം വികസനമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
സംസ്ഥാന സർക്കാർ, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ വിവിധ ടൂറിസം സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം മാനന്തവാടി പഴശി പാർക്ക് കേന്ദ്രത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി കേരളം മാറുന്നതായി കണക്കുകൾ പറയുന്നു. വയനാട് ജില്ലയുടെ പ്രകൃതിയാണ് ജില്ലയുടെ ഏറ്റവും വലിയ ടൂറിസം സാധ്യത. കാടും മലയും പുഴയും മൃഗങ്ങളും തന്നെയാണ് കേരളത്തിലെ ഏറ്റവും നല്ല വിനോദ കേന്ദ്രമാക്കി ജില്ലയെ മാറ്റിയത്. വിനോദ സഞ്ചരികൾക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടത് ജില്ലയിലെ ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ ആഘോഷങ്ങളും ടൂറിസം മേഖലയുമായി ബന്ധിപ്പിച്ചു നടത്താൻ സാധിക്കണം. അതിനായി കാലത്തിനനുസരിച്ച് ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുണ്ടാവണം. ജില്ലയിലെ വിനോദസഞ്ചാര മേഖലയിലൂടെ തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്താൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്.
മാനന്തവാടി പഴശി പാർക്ക് കേന്ദ്രത്തിൽ പിന്നണി ഗായിക ചിത്ര അയ്യർ നയിച്ച സംഗീത രാവ് ആസ്വദിക്കാൻ വൻ ജനാവലിയാണ് എത്തിച്ചേർന്നത്. മാനന്തവാടി നഗരസഭ കുടുംബശ്രീ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും വയലിൻ ഫ്യൂഷൻ, മാജിക്ക് ഷോ, ചാക്യാർക്കൂത്ത്, മെന്റലിസം, വയനാട് സെവൻ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറി. മാനന്തവാടി നഗരസഭ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു.
സബ്കളക്ടർ അതുൽ സാഗർ, മാനന്തവാടി നഗരസഭ കൗണ്‍സിലർ അരുണ്‍ കുമാർ, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ്, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, മാനന്തവാടി നഗരസഭ സിഡിഎസ് ചെയർപേഴ്സണ്‍ ഡോളി രഞ്ജിത്ത്, ടൂറിസം വികസന ഉപസമിതി അംഗം അലി ബ്രാൻ, ഡിടിപിസി മാനേജർ വി.ജെ. ഷിജു, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.