എൻഎഫ്പിഒ ഓണാഘോഷവും കുടുംബസംഗമവും നാളെ
1591055
Friday, September 12, 2025 5:41 AM IST
കൽപ്പറ്റ: നാഷണൽ ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് ഓർഗനൈസേഷൻ(എൻഎഫ്പിഒ) മൂന്നാമത് കുടുംബ സംഗമവും ഓണാഘോഷവും നാളെ രാവിലെ എട്ട് മുതൽ വൈകുന്നേരം 5.30 വരെ മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഹൈസ്കൂളിൽ നടത്തും.
ഓർഗനൈസേഷൻ ചെയർമാൻ ഫിലിപ്പ് ജോർജ്, ചീഫ് ഓർഗനൈസർ തോമസ് മിറർ, ആഘോഷ കമ്മിറ്റി ചെയർമാൻ ഷിബു കാര്യന്പാടി, കണ്‍വീനർ ബിജു പൗലോസ്, ട്രഷറർ സിന്‍േറാ ജോർജ്, മറ്റു ഭാരവാഹികളായ സജി ചാക്കോ, പി.കെ. ഷൈജു, വി.എസ്. സന്തോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
രാവിലെ എട്ടിന് പൂക്കളം നടക്കും. 10ന് സോഷ്യൽ മീഡിയ താരങ്ങളായ ജാനു എടത്തിയും കേളപ്പേട്ടനും ഓണാഘോഷം ഉദ്ഘാടനം ചെയ്യും. മീനങ്ങാടി ടൗണിൽ പുലികളി, കൈകൊട്ടിക്കളി, ശിങ്കാരിമേളം എന്നിവയുടെ അകന്പടിയോടെ നടത്തുന്ന ഘോഷയാത്ര, കലാകായിക മത്സരങ്ങൾ, കലാപരിപാടികൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച എൻഎഫ്പിഒ കുടുംബാംഗങ്ങളെ ആദരിക്കൽ, ഓണസദ്യ തുടങ്ങിയ ആഘോഷത്തിന്റെ ഭാഗമാണ്.
ഓണസമ്മാന കൂപ്പണ്‍ നറുക്കെടുപ്പിൽ ഒന്നു മുതൽ മൂന്നു വരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം 30,000 ഉം 15,000 ഉം 10,000 ഉം രൂപ സമ്മാനം നൽകും. ആഘോഷത്തിൽ ആദ്യവസാനം പങ്കെടുക്കുന്നതിൽനിന്നു തെരഞ്ഞെടുക്കുന്ന മൂന്നു ദന്പതികൾക്ക് 5,000 രൂപ വീതം ഗിഫ്റ്റ് വൗച്ചർ നൽകും. തെരഞ്ഞെടുക്കുന്ന 10 കർഷകർക്ക് യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനിയുടെ പോളിസി നൽകും. ഓരോ കർഷകനും 10 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും.
കേരളം, കർണാടക, ഗോവ, തമിഴ്നാട്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഭൂമി പാട്ടത്തിനെടുത്തും അല്ലാതെയും കൃഷി നടത്തുന്ന മലയാളി കർഷകരുടെ കൂട്ടായ്മയാണ് എൻഎഫ്പിഒ. 1,200 കർഷകർ സംഘടനയിൽ അംഗങ്ങളാണ്. കൃഷിക്കാരെ ചൂഷണങ്ങളിൽനിന്നു രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ഓർഗനൈസേഷൻ. ഇതിനു കീഴിൽ കർണാടകയിലെ നഞ്ചൻഗോഡിൽ ജൈവവള ഉത്പാദന ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്.
കൃഷിക്കാവശ്യമായ സാമഗ്രികൾ കർഷകർക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് നഞ്ചൻഗോഡിലും ഹാൻഡ് പോസ്റ്റിലും ഒൗട്ട്ലെറ്റുകൾ തുറന്നിട്ടുണ്ട്. മരണപ്പെടുന്ന അംഗത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായം ലഭ്യമാക്കുന്ന കിസാൻരത്ന ഉൾപ്പെടെ ക്ഷേമ പദ്ധതികൾ സംഘടന നടപ്പാക്കിയിട്ടുണ്ട്.