ബൈക്ക് യാത്രികൻ മരിച്ച സംഭവം; നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
1590269
Tuesday, September 9, 2025 5:48 AM IST
സുൽത്താൻ ബത്തേരി: അന്തർസംസ്ഥാന പാതയായ സുൽത്താൻ ബത്തേരി - ഊട്ടി റോഡിൽ മുണ്ടക്കൊല്ലിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിക്കാനിടയായ സംഭവത്തിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് യാത്ര തുടരാൻ അനുവദിച്ച നൂൽപ്പുഴ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
നെല്ലാക്കോട്ട പാക്കണ മടക്കൽ വീട്ടിൽ മുഹമ്മദ് ഹാഷീം ഇസ്മയിൽ (32) ആണ് ഇന്നലെ രാവിലെ മുണ്ടക്കൊല്ലിയിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചത്. സുൽത്താൻ ബത്തേരിയിൽ നിന്ന് കോയന്പത്തൂർക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിരേ വന്ന മുഹമ്മദ് ഹാഷീം ഇസ്മയിൽ സഞ്ചരിച്ച ബൈക്കും തമ്മിൽ കീട്ടിയിടിച്ചാണ് അപകടം.
സംഭവ സ്ഥലത്ത് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സ്ഥലത്തെത്തിയ നൂൽപ്പുഴ പോലീസ് ബസ് യാത്ര തുടരാൻ അനുവദിച്ചുവെന്നാരോപിച്ചാണ് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. കാലത്ത് പത്തിന് തുടങ്ങിയ ഉപരോധം ഉച്ചയോടെയാണ് അവസാനിച്ചത്.
സുൽത്താൻ ബത്തേരി ഡിവൈഎസ്പി സംഭവ സ്ഥലത്തെത്തി പ്രക്ഷേഭകരുമായി ചർച്ച നടത്തുകയും സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടങ്കിൽ നടപടിയെടുക്കുമെന്ന് അറിയിച്ചതോടെയാണ് സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചത്.