അന്പലവയൽ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
1590267
Tuesday, September 9, 2025 5:48 AM IST
സുൽത്താൻ ബത്തേരി: അന്പലവയൽ ഗ്രാമപ്പഞ്ചായത്തിലെ പുതിയ ഓഫീസ് കെട്ടിടവും നവീകരിച്ച കുടുംബശ്രീ ഓഫീസ് കെട്ടിടവും സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ തനത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സിഡിഎസ് ഓഫീസിന്റെയും മാതൃകാ ജൻഡർ റിസോഴ്സ് സെന്ററിന്റെയും ഉദ്ഘാടനവും ചടങ്ങിൽ നടന്നു. മുപ്പതോളം ജീവനക്കാർ ജോലി ചെയ്യുന്ന അന്പലവയൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പഴയ കെട്ടിടത്തിലെ പരിമിതികൾ കാരണം വീർപ്പുമുട്ടുകയായിരുന്നു.
പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് പ്രവർത്തനം മാറുന്പോൾ പൊതുജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി രണ്ടാം നിലയിലേക്ക് കയറിയിറങ്ങേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാവുകയും ചെയ്യും.
വിവിധ പ്രോജക്ടുകളിലായി ആകെ 96.48 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് 2022-2023 വർഷത്തിലാണ് കെട്ടിട നിർമാണം ആരംഭിച്ചത്. വയറിംഗ്, പെയിന്റിംഗ്, ഫർണിച്ചർ പ്രവൃത്തികൾ, ടോയ് ലറ്റ് നവീകരണം ഉൾപ്പെടെ അനുബന്ധ പ്രവൃത്തികൾ തുടങ്ങി മുഴുവൻ പ്രവൃത്തികളും ഇപ്പോൾ പൂർത്തിയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ. ഷമീർ, സെക്രട്ടറി കെ.എ. അബ്ദുൾ ജലീൽ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് ബി. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.എസ്. വിജയ, ഗ്ലാഡീസ് സ്കറിയ, അന്പലവയൽ ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീജ ബാബു, ജെസി ജോർജ്, ടി.ബി. സെനു,
ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എൻ.സി. കൃഷ്ണകുമാർ, വി.വി. രാജൻ, അന്പലവയൽ സിഡിഎസ് ചെയർപേർസണ് നിഷ രഘു, പി.കെ. സത്താർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ജി. ബിജു എന്നിവർ പ്രസംഗിച്ചു.