കള്ളക്കേസ്; പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കൾ
1591050
Friday, September 12, 2025 5:41 AM IST
പുൽപ്പള്ളി: നിരപരാധിയെന്ന് പോലീസ് സമ്മതിച്ച കാനാട്ടുമല തങ്കച്ചനെ കേസിൽപ്പെടുത്തി ജയിലിലടച്ച് ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടിൽനിന്നും സിപിഎം പിൻമാറണം. പോലീസിന് പറ്റിയ ഗുരുതരമായ പിഴവിന്റെ ജാള്യതമറയ്ക്കാൻ കോണ്‍ഗ്രസിനെ അപമാനിച്ച് രക്ഷപെടാനുള്ള ഹീനശ്രമമാണ് സിപിഎം നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽകുടുക്കി ജയിലിലടയ്ക്കുന്നത് സിപിഎം പിന്തുടരുന്ന നയത്തിന്റെ ഭാഗമാണ്.
സമാനമായ സംഭവങ്ങൾ മേഖലയിൽ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഒരേസമയം വേട്ടക്കാരോടൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്നത് അപഹാസ്യമാണ്. സിപിഎമ്മിന് അൽപമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ നിരപരാധിയെ ജയിലിലടച്ച ഗുരുതര മനുഷ്യാവകാശ ലംഘനം നടത്തിയ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും സേനയിൽനിന്ന് പിരിച്ചുവിടാൻ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ സിപിഎം തയാറാകണം. പോലീസിന് സംഭവിച്ച നാണക്കേടിൽനിന്നും മുഖംരക്ഷിക്കാൻ ഭരണകക്ഷിയും പോലീസും ചേർന്ന് തിരക്കഥ മെനയുകയാണ്.
കോണ്‍ഗ്രസിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് വരുത്തിതീർക്കാൻ ഗൂഡാലോചന നടത്തുകയാണെന്നും സിപിഎമ്മിന്റെ അജണ്ഡ നടപ്പാക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കളേയും പ്രവർത്തകരേയും സംശയത്തിന്റെ നിഴലിൽനിർത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇത്തരം നടപടികൾ തുടർന്നാൽ ശക്തമായ പ്രക്ഷഭങ്ങൾ പോലീസ് നേരിടേണ്ടിവരുമെന്നും നേതാക്കൾ പറഞ്ഞു.
പാർട്ടി വിരുദ്ധർക്കൊപ്പം ചേർന്ന് കോണ്‍ഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന നിലപാടുമായി മുന്നോട്ടുപോയാൽ തങ്കച്ചനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ആവശ്യപ്പെടുമെന്നും നേതാക്കൾ പറഞ്ഞു. കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. തോമസ്, മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് കണ്ടംതുരുത്തി, മണ്ഡലം ട്രഷറർ മനോജ് കടുപ്പിൽ, സുനിൽ പഴപ്ലാത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.