പരാതി നൽകി പരിസരവാസി തളർന്നു : മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാതെ കന്നുകാലി വളർത്തൽ
1591056
Friday, September 12, 2025 5:42 AM IST
കൽപ്പറ്റ: മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഒരുക്കാതെയുള്ള കന്നുകാലി വളർത്തൽ പരിസരവാസികൾക്ക് വിനയായി. വൈത്തിരി പഞ്ചായത്തിലെ ചുണ്ടവയലിൽ സ്വകാര്യ വ്യക്തി നടത്തുന്ന പോത്ത്-പശു വളർത്തലാണ് അയൽവാസികളെ പ്രയാസത്തിലാക്കുന്നത്. ആറ് സെന്റ് കൈവശഭൂമിയിൽ 900 ചതുരശ്ര അടി വിസ്തീർണമുള്ള വീട് കഴിച്ചുള്ള ഭാഗത്ത് നിർമിച്ച തൊഴുത്തിലാണ് സ്വകാര്യ വ്യക്തി 11 പോത്തിനെയും രണ്ട് പശുവിനെയും വളർത്തുന്നത്. തൊഴുത്തിൽനിന്നു അഴുക്കുവെള്ളം പുറത്തേക്കാണ് ഒഴുക്കുന്നത്. ഇതുമൂലം അയൽവാസികൾ വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്നു ചുണ്ടവയൽ അച്ചാണി റഫീഖ് പറഞ്ഞു.
റഫീഖിന്റെ വീടിന്റെ അടുക്കളവശത്ത് മതിലിനോട് ചേർന്നാണ് തൊഴുത്ത്. ഇതിൽനിന്നു കടുത്ത ദുർഗന്ധമാണ് വമിക്കുന്നത്. തുടർച്ചയായി മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശമാണ് ചുണ്ടവയൽ. ആറ് വർഷം മുന്പാണ് സ്വകാര്യവ്യക്തി പോത്ത്-പശു കൃഷി ആരംഭിച്ചത്.
അശാസ്ത്രീയ കന്നുകാലി വളർത്തൽ മൂലം സമീപവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പഞ്ചായത്തിലും പോലീസിലും ശുചിത്വമിഷനിലും മലിനീകരണ നിയന്ത്രണ ബോർഡിലും റഫീഖ് പരാതി നൽകിയിരുന്നു. പ്രശ്നപരിഹാരത്തിന് നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെയും സമീപിച്ചു.
എന്നാൽ ഉദ്യോഗസ്ഥരിൽ ചിലർ സ്ഥലപരിശോധന നടത്തിയതല്ലാതെ നടപടി ഉണ്ടാകുന്നില്ല. സ്വകാര്യവ്യക്തിയുടെ ഉപജീവനമാർഗം തടസപ്പെടുത്തുന്നതിനല്ല, നിവൃത്തികേടുമൂലമാണ് പരാതികൾ നൽകിയെന്ന് റഫീഖ് പറഞ്ഞു. ദുർഗന്ധം മൂലം ബന്ധുക്കൾ വീട്ടിൽ വരാൻ മടിക്കുകയാണ്. മാലിന്യ സംസ്കരണത്തിന് പ്ലാന്റ് നിർമിച്ചാൽ തീരുന്നതാണ് പ്രശ്നം. അതിന് അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം. നേരിട്ട് പരാതി പറയുന്പോൾ സ്ഥലംവിറ്റ് പൊയ്ക്കൊള്ളാനാണ് സ്വകാര്യ വ്യക്തി ധാർഷ്ട്യസ്വരത്തിൽ ഉപദേശിക്കുന്നതെന്നും റഫീഖ് പറഞ്ഞു.