സിപിഎം ജില്ലാസെക്രട്ടറി ബിജെപിയുടെ നാവായി അധപതിച്ചു: ടി. സിദ്ദിഖ് എംഎൽഎ
1590236
Tuesday, September 9, 2025 4:48 AM IST
കൽപ്പറ്റ: സിപിഎം ജില്ലാസെക്രട്ടറി ബിജെപിയുടെ നാവായി അധപതിച്ചുവെന്ന് ടി. സിദ്ദിഖ് എംഎൽഎ. രാജ്യവ്യാപകമായി രാഹുൽ ഗാന്ധിയും കോണ്ഗ്രസും ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിഹാറിലും മറ്റും ഉന്നയിച്ച ‘വോട്ട് ചോരി’ പ്രചാരണത്തെ ദുർബലപ്പെടുത്തുന്ന നിലപാടാണ് തനിക്ക് ഇരട്ട വോട്ടുണ്ടെന്ന ആരോപണത്തിലൂടെ സിപിഎം ജില്ലാ സെക്രട്ടറി സ്വീകരിച്ചിരിക്കുന്നത്. ബിജെപിക്ക് ഉപയോഗിക്കാൻ ഒരു ആയുധം കൊടുക്കുന്നതിലൂടെ ബിജെപിയുടെ ജിഹ്വയായി സിപിഎം ജില്ലാ സെക്രട്ടറി മാറി.
കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ ഫോം നാലു പ്രകാരം യഥാക്രമം അപേക്ഷ നൽകിയിരുന്നു. ഇതിനായി വോട്ടർ ഐഡിയുടെ പകർപ്പ് ഉൾപ്പെടെയാണ് അപേക്ഷ നൽകിയത്. ഇതുപ്രകാരം പെരുമണ്ണയിലെ വോട്ടർപട്ടികയിൽനിന്ന് പേരു നീക്കം ചെയ്യാൻ നിർദേശം നൽകേണ്ടത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്.
ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് സിപിഎം ജില്ലാസെക്രട്ടറി സ്ഥാനത്തിനിരിക്കുന്ന ഒരാൾ ബിജെപിയുടെ വക്താവായി പ്രവർത്തിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. മാത്രമല്ല ഇതിന്റെ നടപടിക്രമം പൂർത്തിയാക്കാൻ ഇനിയും സമയമുണ്ട്. കോഴിക്കോട്ടെ വോട്ട് ഒഴിവാക്കണമെന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടു നേരിട്ട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുമുണ്ട്. അത് നടപ്പാക്കേണ്ടതു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്.
സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം ജില്ലയിലെ സിപിഎമ്മിന്റെ ആഭ്യന്തര സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. എന്നാൽ മറ്റുള്ളവരുടെ മേലെ വ്യാജ ആക്ഷേപങ്ങൾ ഉന്നയിച്ച് സ്വന്തം പാർട്ടിയിലെ പടലപ്പിണക്കങ്ങൾ മറച്ചുപിടിക്കാമെന്നത് വ്യാമോഹം മാത്രമാണ്.
വയനാട്ടിലെ സിപിഎം കടുത്ത വിഭാഗീയതയിലൂടെയാണ് കടന്നു പോകുന്നത്. പാർട്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട ജില്ലാ സെക്രട്ടറിക്ക് പാർട്ടി പ്രവർത്തകരെ പിടിച്ചു നിർത്താൻ ബിജെപിയോടൊപ്പം ചേർന്ന് അവരുടെ നാവായി പ്രവർത്തിക്കുന്നത് സിപിഎം നേതൃത്വം തിരിച്ചറിയണമെന്നും എംഎൽഎ പറഞ്ഞു.