ജില്ലയിലെ പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പദ്ധതി
1591046
Friday, September 12, 2025 5:41 AM IST
വിദ്യാഭ്യാസ വകുപ്പ് പരിശീലന ശിൽപശാല സംഘടിപ്പിച്ചു
കൽപ്പറ്റ: ജില്ലയിൽ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡി വിഭാഗങ്ങളിലെ പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് സമഗ്ര പുരോഗതി ലക്ഷ്യമിടാൻ ടാലന്റ് നർച്ചർ (ട്രാൻസ്ഫോമിംഗ് പൊട്ടെൻഷ്യൽ ഇൻടു എക്സലൻസ്) പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്.
വിദ്യാർഥികൾക്ക് പാഠ്യവിഷയങ്ങളിൽ ആത്മവിശ്വാസത്തോടെ പഠനം നടത്താൻ പിന്തുണ, കഴിവുകൾ പരിപോഷിപ്പിക്കാൻ അവസരം ഒരുക്കൽ, ജീവിത നൈപുണികളിൽ പരിശീലനം ഉറപ്പാക്കൽ ലക്ഷ്യമാക്കി ഹയർസെക്കൻഡറി വിഭാഗത്തിലെ പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് ടാലന്റ് നർച്ചർ പദ്ധതിയിലൂടെ.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കൻഡറി വിഭാഗം പട്ടികവർഗ വകുപ്പിന്റെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അക്കാദമിക പ്രവർത്തനങ്ങളുടെ ചുമതല ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെൽ നിർവഹിക്കും.
പദ്ധതിയുടെ ഭാഗമായി ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്കും ടാലന്റ് നർച്ചർ ടീച്ചർ കോഓർഡിനേറ്റർമാർക്കുമായി പരിശീലന ശിൽപശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന ശിൽപശാല ഹയർസെക്കൻഡറി വിഭാഗം ജില്ലാ കോഓർഡിനേറ്റർ എം.കെ. ഷിവി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടെ പ്രാദേശിക യോഗങ്ങൾ, കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ, ടാലന്റ് പ്രദർശനം, വിവിധ വിഷയങ്ങളിലുള്ള ബ്രിഡ്ജ് കോഴ്സ് എന്നിവ സംഘടിപ്പിക്കും. ബ്രിഡ്ജ് കോഴ്സിന്റെ ഭാഗമായി വിദഗ്ധ റിസോഴ്സ്പേഴ്സണ്‍മാരുടെ നേതൃത്വത്തിൽ എല്ലാ വിഷയങ്ങളിലും പ്രത്യേക മൊഡ്യൂളുകൾ തയാറാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഉയർന്നുവന്ന പ്രതിഭകളെയും ഉന്നത വിദ്യാഭ്യാസം നേടിയവരെയും പദ്ധതിയുടെ ഭാഗമായി കണ്ടെത്തും.
ഇവരുടെ ജീവിത വിജയ കഥകൾ ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികളുമായി പങ്കുവയ്ക്കും. നാഷണൽ സർവീസ് സ്കീമിന്റെ പിന്തുണയും പദ്ധതി നടത്തിപ്പിനുണ്ടാവും. വിദ്യാകിരണം മിഷൻ കോഓർഡിനേറ്റർ വിൽസണ്‍ തോമസ് അധ്യക്ഷനായ പരിപാടിയിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെൽ ജില്ലാ കോഓർഡിനേറ്റർ കെ.ബി. സിമിൽ, മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം. മജീദ്,
മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.സി. തോമസ്, വിഎച്ച്എസ്ഇ ജില്ലാ കോഓർഡിനേറ്റർമാരായ എൻ.പി. മാർട്ടിൻ, ബിനുമോൾ ജോസ്, എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫീസർ കെ. രാജേഷ്, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെൽ കണ്‍വീനർ ജിനീഷ് മാത്യു, ജില്ലാ ജോയിന്റ് കോഓർഡിനേറ്റർ മനോജ് ജോണ്‍ എന്നിവർ പ്രസംഗിച്ചു.