പുഞ്ചിരിമട്ടം ദുരന്തം: ജനകീയ ശാസ്ത്ര പഠന സമിതി റിപ്പോർട്ട് പ്രകാശനം 13ന്
1590841
Thursday, September 11, 2025 7:50 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാൻസിഷൻ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും സംയുക്തമായി രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോർട്ട് 13ന് ഉച്ചകഴിഞ്ഞ് 3.30ന് ട്രിഡന്റ് ആർക്കേഡിൽ റിസ്ക് അനലിസ്റ്റ് സാഗർ ധാര പ്രകാശനം ചെയ്യും.
പുസ്തകരൂപത്തിൽ തയാറാക്കിയ റിപ്പോർട്ടിന്റെ ആദ്യ കോപ്പി സാമൂഹിക വിമർശകനും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി. മാത്യു ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, എസ്. അഭിലാഷ്, ടി.വി. സജീവ്, സി.കെ. വിഷ്ണുദാസ്, ചെറുവയൽ രാമൻ,കെ.ആർ. അജിതൻ, സ്മിത പി. കുമാർ തുടങ്ങിയവർ പങ്കെടുക്കും.
"തെന്നുന്ന ഭൂമി;ചിതറുന്ന ജീവിതങ്ങൾ’ എന്ന പേരിൽ തയാറാക്കിയ റിപ്പോർട്ട് പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ കാരണങ്ങൾ ഉൾപ്പെടെ വിശകലനം ചെയ്യുന്നതാണെന്ന് സ്വാഗതസംഘം ചെയർമാൻ എം.കെ. രാമദാസ്, കണ്‍വീനർ പി.ജി. മോഹൻദാസ്, പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ വർഗീസ് വട്ടേക്കാട്ടിൽ, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രതിനിധി ബാബു മൈലന്പാടി, മലബാർ നാച്വറൽ പ്രൊട്ടക്ഷൻ ഫോറം പ്രതിനിധി ബാവൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭൗമശാസ്ത്രജ്ഞർ, റിസ്ക് അനലിസ്റ്റ്, കാലാവസ്ഥ ശാസ്ത്രജ്ഞർ, വന-സസ്യ ഗവേഷകർ, സാമൂഹിക ശാസ്ത്രജ്ഞർ, ആക്ടിവിസ്റ്റുകൾ എന്നിവർ ഉൾപ്പെടുന്ന സമിതിയാണ് ജനങ്ങളുടെ സഹകരണത്തോടെ റിപ്പോർട്ട് തയാറാക്കിയത്.
പുസ്തക പ്രകാശനത്തിനു മുന്‍പ് ട്രിഡന്റ് ആർക്കേഡിൽ പരിസ്ഥിതി പ്രവർത്തകരുടെ സംഗമം നടക്കും. പ്രസിദ്ധ പരിസ്ഥിതി പ്രവർത്തക മേധ പട്കർ ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്യും. അഡ്വ.പി. ചാത്തുക്കുട്ടി, അഡ്വ.വിനോദ് പയ്യട, ജോയ് കൈതാരം, ടി.വി. രാജൻ, എൻ. ബാദുഷ, എം.പി. കുഞ്ഞിക്കണാരൻ, വർഗീസ് വട്ടേക്കാട്ടിൽ തുടങ്ങിയവർ പങ്കെടുക്കും. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമാണം ഉൾപ്പെടെ വിഷയങ്ങൾ സംഗമം ചർച്ച ചെയ്യും.