സംസ്ഥാന ടിടിഐ-പിപിടിടിഐ കലോത്സവം നാളെ ആരംഭിക്കും
1590843
Thursday, September 11, 2025 7:55 AM IST
സുൽത്താൻ ബത്തേരി: 29-ാമത് സംസ്ഥാന ടിടിഐ പിപിടിടിഐ അധ്യാപക കലോൽസവത്തിന് നാളെ സുൽത്താൻ ബത്തേരി വയനാട് ഡയറ്റിൽ തുടക്കം കുറിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പതിനാല് ജില്ലകളിൽ നിന്നുമായി 459 പേരാണ് കലോത്സവത്തിൽ പങ്കെടുക്കക. ടിടിഐ വിഭാഗത്തിൽ 257 പേരും പിപിടിടിഐ വിഭാഗത്തിൽ 65 പേരും അധ്യാപക വിഭാഗത്തിൽ 137 പേരുമാണ് മത്സരിക്കുന്നത്. സംഘഗാനം, ലളിതഗാനം, മാപ്പിളപ്പാട്ട്, കവിയരങ്ങ്, മോണോ ആക്ട്, പ്രസംഗം, പ്രഭാഷണം എന്നീ ഇനങ്ങളിലാണ് മത്സരം.
ഡയറ്റിന് പുറമെ സർവജന വിഎച്ച്എസ്എസ്, കൈപ്പഞ്ചേരി ഗവ.എൽപി സ്കൂൾ, അധ്യാപക ഭവൻ എന്നിവിടങ്ങളിലെ അഞ്ച് വേദികളിലാണ് മത്സരം. വയനാടിന്റെ പരന്പരാഗത സംഗീത ഉപകരണങ്ങളായ തുടി, കുഴൽ, പാണി, ഉടുക്ക്, ചീനി എന്നിവയുടെ പേരുകളിലാണ് വേദികൾ. 12ന് രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തുന്നതോടെ കലാമത്സരങ്ങൾ ആരംഭിക്കും.
കലോൽസവത്തിന് സമാപനം കുറിച്ച് വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സെബാസ്റ്റ്യൻ, പ്രോഗ്രാം കമ്മറ്റി കണ്‍വീനർ പി.എസ്. ഗിരീഷ്കുമാർ എന്നിവർ പങ്കെടുത്തു.