പെരുന്തട്ടയിൽ കടുവയും പുലിയും ഏറ്റുമുട്ടിയെന്ന് നാട്ടുകാർ
1590509
Wednesday, September 10, 2025 5:26 AM IST
കൽപ്പറ്റ: വയനാട്ടിൽ കൽപ്പറ്റ നഗരത്തിനടുത്തുള്ള പെരുന്തട്ടയിൽ കടുവയും പുലിയും ഏറ്റുമുട്ടിയെന്ന് നാട്ടുകാർ. ജനവാസകേന്ദ്രത്തിൽ ഹെൽത്ത് സെന്ററിനു സമീപം തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു വന്യമൃഗങ്ങളുടെ സംഘട്ടനമെന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞു. ഇത് കുറച്ചുനേരം നീണ്ടുനിന്നതായി അവർ അവകാശപ്പെട്ടു.
ഇന്നു രാവിലെ വനസേനാംഗങ്ങൾ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലി-കടുവ ഏറ്റുമുട്ടൽ സ്ഥിരീകരിച്ചില്ലെന്നാണ് വിവരം. ഹെൽത്ത് സെന്റർ പരിസരത്ത് വന്യമൃഗത്തിന്റെ രോമവും വിസർജ്യവും കണ്ടെത്തിയിട്ടുണ്ട്. പുലി സാന്നിധ്യമുള്ള പ്രദേശമാണ് തോട്ടം മേഖലയിലുള്ള പെരുന്തട്ട. ഇവിടെനിന്നു ഏതാനും കിലോമീറ്റർ അകലെ ചുണ്ടേലിനു സമീപം കഴിഞ്ഞ ദിവസം കടുവ എത്തിയിരുന്നു.