സാക്ഷരതയിലൂടെ പുതിയ ഉയരങ്ങളിലേക്ക്; ജില്ലയിൽ ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിച്ചു
1590543
Wednesday, September 10, 2025 6:13 AM IST
കൽപ്പറ്റ: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ നിരക്ഷരരെ സാക്ഷരരാക്കാൻ ലക്ഷ്യമിട്ട് ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 230 ക്ലാസുകൾക്ക് ലോക സാക്ഷരതാ ദിനത്തിൽ തുടക്കം കുറിച്ചു. സന്നദ്ധരായ അധ്യാപകരാണ് ക്ലാസുകൾ നൽകുക. തുല്യതയ്ക്കൊപ്പം തൊഴിലും പദ്ധതിയുടെ ഭാഗമായി ഓരോ വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന അർഹരായ മൂന്ന് പേർക്ക് വീതം സ്മാർട്ട് കോഴ്സിലേക്ക് സൗജന്യമായി പ്രവേശനം നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർക്കും.
പഠനസൗകര്യത്തിനായി മാനന്തവാടി, പനമരം, കൽപ്പറ്റ മേഖലകളിൽ സ്മാർട്ട് സബ്സെന്റുകളും ആരംഭിക്കാനും പദ്ധതിയുണ്ട്. ജില്ലാപഞ്ചായത്ത് തുല്യത പൂർത്തിയാക്കിയ പഠിതാക്കൾക്ക് വേണ്ടി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച ആരംഭിച്ച ഡിഗ്രി ക്ലാസുകളിലേക്ക് ഈ വർഷം 138 പേർക്ക് അഡ്മിഷൻ നൽകും. പ്ലസ് വണ്‍, പ്ലസ് ടു തുല്യതാ ക്ലാസുകൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ബൈജു, അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ എ.കെ. സുനില, സാക്ഷരത മിഷൻ ജില്ലാ കോഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ. അഫ്സൽ, സാക്ഷരത മിഷൻ ഓഫീസ് സ്റ്റാഫ് പി.വി. ജാഫർ, പ്രേരക്മാരായ എ. മുരളീധരൻ, എം. കൊച്ചുറാണി, പി.എം. ഇന്ദിര എന്നിവർ പ്രസംഗിച്ചു.