ഡി ഫോറസ്റ്റേഷൻ : യൂറോപ്യൻ യൂണിയന്റെ പുതിയ നിലപാട് തിരുത്തുവാൻ സർക്കാരുകൾ രംഗത്ത് വരണം: കെ.ജെ. ദേവസ്യ
1590265
Tuesday, September 9, 2025 5:48 AM IST
സുൽത്താൻ ബത്തേരി: കാപ്പി കൃഷിക്കായി വനം നശിപ്പിച്ചിട്ടില്ലെന്ന സർക്കാർ സർട്ടിഫിക്കറ്റ് കർഷകർ ലഭ്യമാക്കണമെന്ന യൂറോപ്യൻ യൂണിയന്റെ പുതിയ നിലപാട് തിരുത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിന്തരമായി രംഗത്ത് വരണമെന്ന് സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ. ദേവസ്യ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ കോഫി കർഷകർക്ക് ഇത്തരമൊരു സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ചുരുങ്ങിയത് അഞ്ച് ഓഫീസുകൾ എങ്കിലും കയറിയിറങ്ങണം. ഓരോ ഉത്പാദകരും ഡി ഫോറസ്റ്റേഷനുവേണ്ടി ഓഫീസുകൾ കയറിയിറങ്ങുന്നു ഗതികേടുണ്ടാക്കരുത്.
ഇന്ത്യൻ പാർലമെന്റ് നിയമസഭകളിൽ ചർച്ച ചെയ്ത് ഇവരുടെ ആവശ്യം അനിവാര്യമെങ്കിൽ സർക്കാരുകൾ തന്നെ മുൻകൈയെടുത്ത് കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിൽ കാപ്പി ഉത്പാദിപ്പിക്കുന്നവർ വനം വെട്ടി കാപ്പി വച്ചു പിടിപ്പിച്ചവരല്ലായെന്ന പൊതുവായ സർട്ടിഫിക്കറ്റ് നൽകി ഈ വ്യാപാരത്തിന് പ്രയാസമില്ലാത്തവിധം തീരുമാനമുണ്ടാക്കുകയാണ് വേണ്ടത്.
ആഗോള താപനിലയുടെ ഗതിമാറ്റ കാലാവസ്ഥ വ്യതിയാനം എന്നിവ മുൻനിറുത്തി യുറോപ്യൻ യൂണിയന്റെ കണ്ടെത്തൽ തികച്ചും ശരിയല്ല. ലോകത്തിലുള്ള ഉത്പാദക രാജ്യങ്ങളിലെ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ തയാറാവുകയാണ് വേണ്ടത്. ഒരുഇനം കാപ്പിയുടെ കാര്യത്തിൽ മാത്രം വ്യതിയാന ഹേതു കണ്ടുപിടിക്കാൻ കഴിയില്ല.
മാത്രമല്ല ഇന്ത്യയിലെ തോട്ടങ്ങൾ വനാവരണമുള്ളതാണ്. ഇവിടെയാകട്ടെ നശീകരണമെന്ന ആരോപണങ്ങളുമില്ല. ഭക്ഷ്യ വസ്തുക്കളിലും മറ്റും ഒരു പ്രത്യേക ഇനത്തെ ഉന്നം വച്ചുള്ള നിരീക്ഷണം ശരിയല്ലെന്നും കെ.ജെ. ദേവസ്യ പറഞ്ഞു.