പാർട്ടിയിലും പോലീസിലും വിശ്വാസം: തങ്കച്ചൻ-സിനി ദന്പതികൾ
1590237
Tuesday, September 9, 2025 4:48 AM IST
കൽപ്പറ്റ: പോർച്ചിൽ കാറിനടിയിൽ സ്ഫോടക വസ്തുക്കളും കർണാടക നിർമിത മദ്യവും വച്ച് തന്നെ കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവത്തിൽ പോലീസ് തുടരുന്നതും കെപിസിസി നേതൃത്വം കമ്മീഷൻ മുഖേന നടത്തുമെന്നു അറിയിച്ചതുമായ അന്വേഷണങ്ങളിൽ വിശ്വാസമുണ്ടെന്ന് മുള്ളൻകൊല്ലി മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ. ഭാര്യ സിനിക്കൊപ്പം പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തുടരുന്ന അന്വേഷണം സംഭവത്തിലെ ഗൂഢാലോചന വെളിച്ചത്തുവരാൻ പര്യാപ്തമാകുമെന്നാണ് കരുതുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 22ന് രാത്രി 11 മണിയോടെ വീട്ടുവളപ്പിലെത്തി കാറിനടിയിൽ സ്ഫോടകവസ്തുക്കളും മദ്യവും കണ്ടെത്തിയ പോലീസ് സത്യാവസ്ഥ പരിശോധിക്കാതെ കേസെടുക്കാനും അറസ്റ്റുചെയ്യാനും തിടുക്കം കാട്ടി.
എങ്കിലും ഓഗസ്റ്റ് 24 മുതൽ വസ്തുനിഷ്ഠമായ അന്വേഷണമാണ് നടന്നത്. ഇതാണ് താൻ നിരപരാധിയാണെന്നു പോലീസിനു ബോധ്യപ്പെടാനും കോടതിയിൽ റിപ്പോർട്ട് നൽകാനും സഹായകമായത്.
ഗൂഢലക്ഷ്യത്തെടെ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുക്കളും വച്ച സംഭവത്തിൽ അറസ്റ്റിലായ മരക്കടവ് സ്വദേശി പ്രസാദ് കോണ്ഗ്രസ് അനുഭാവിയാണ്. തന്റെ വീടുപണി കരാറെടുത്തിരുന്നത് ഇദ്ദേഹമാണ്. ഗൂഢാലോചനയിൽ ഉൾപ്പെട്ടവർ കർണാടക മദ്യം വാങ്ങാൻ പ്രസാദിനെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്. പ്രദേശത്തെ ഒരു കോണ്ഗ്രസ് നേതാവിനാണ് മദ്യം കൈമാറിയതെന്നു ഇദ്ദേഹം പോലീസിൽ മൊഴി നൽകിയതായാണ് അറിയുന്നത്.
തനിക്കെതിരായ ഗൂഢാലോചനയിൽ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയിലെ പ്രമുഖരടക്കം ചിലർക്ക് പങ്കുണ്ട്. ഗൂഢാലോചനയിൽ ഉൾപ്പെട്ടവരെന്നു സംശയിക്കുന്ന ആറ് പേരെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറിയിട്ടുണ്ട്. പോർച്ചിൽനിന്നു കണ്ടെടുത്ത മദ്യത്തിന്റെയും സ്ഫോടക വസ്തുക്കളുടെയും വിവരം ഓഗസ്റ്റ് 23നു രാവിലെ പോലീസ് റിമാൻഡ് റിപ്പോർട്ട് തയാറാക്കുന്നതിനു മുന്പ് പെരിക്കല്ലൂർ സ്വദേശി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും പിന്നീട് വാട്സ്ആപിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ദുരൂഹതയുണ്ട്.
മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗവും ആറുമാസം മുന്പ് കോണ്ഗ്രസിൽ തിരിച്ചെത്തിയതുമായ വ്യക്തി ഒളിവിലാണ്. പോർച്ചിൽ മദ്യവും സ്ഫോടകവസ്തുക്കളും ഉണ്ടെന്നു പോലീസിൽ വിളിച്ചറിയിച്ചയാളും ഗൂഢാലോചനയിൽ പങ്കാളിയാണ്. സ്ഫോടക വസ്തുക്കൾ ആർ, എവിടെനിന്നു വാങ്ങി എന്നത് തെളിയേണ്ടതുണ്ട്.
ജൂലൈ 12ന് പാടിച്ചിറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കോണ്ഗ്രസ് മുള്ളൻകൊല്ലി പഞ്ചായത്ത് വികസന സെമിനാറിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചില അരുതായ്മകൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നു പ്രകോപിതനായ ഡിസിസി പ്രസിഡന്റ് വേദിവിട്ടിറങ്ങി സദസിലുണ്ടായിരുന്ന കോണ്ഗ്രസ് പ്രവർത്തകരിൽ ഒരാളുടെ കഴുത്തിനു കുത്തിപ്പിടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
അന്ന് മുള്ളൻകൊല്ലിയിൽനിന്നുള്ള ഒരു ഡിസിസി നേതാവ് തന്നെ ഒരു ദിവസമെങ്കിലും തന്നെ ജയിലിൽ കിടത്തുമെന്ന് വെല്ലുവിളിച്ചിരുന്നു. പാടിച്ചിറ സംഭവത്തിൽ പട്ടികവർഗക്കാരനായ കോണ്ഗ്രസ് നേതാവ് സ്പെഷൽ മൊബൈൽ സ്ക്വാഡിൽ നൽകിയ കള്ളക്കേസിൽ താൻ ഉൾപ്പെടെ 12 പേർ പ്രതികളാണ്. ഗൂഢാലോചനയുടെ ഫലമാണ് ഈ കേസും.
പോർച്ചിൽ മദ്യവും സ്ഫോടകവസ്തുക്കളും വച്ച സംഭവത്തിൽ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ അറിയിച്ചത്. ഗൂഢാലോചനയിൽ പങ്കാളികളെന്നു കരുതുന്നവരെ സംബന്ധിച്ച വിവരം കെപിസിസി അധ്യക്ഷനും നൽകിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞതുപോലെ നടപടി ഉണ്ടാകുന്നില്ലെങ്കിൽ എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും.
കേസിൽ കുടുങ്ങി ജയിലിൽ കിടന്നപ്പോൾ ഡിസിസി പ്രസിഡന്റ് തന്നെ കാണാനോ കുടുംബത്തെ സന്ദർശിക്കാനും ആശ്വസിപ്പിക്കാനോ കൂട്ടാക്കിയില്ല. തന്നെ അറിയില്ലെന്നാണ് ഡിസിസി പ്രസിഡന്റ് ചില മാധ്യമങ്ങളോട് പറഞ്ഞത്.
മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാംവാർഡ് കോണ്ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായ തന്നെ അറിയില്ലെന്ന ഡിസിസി പ്രസിഡന്റിന്റെ നിലപാട് പരിഹാസ്യമാണ്. ചെയ്യാത്ത തെറ്റിനാണ് 17 ദിവസം ജയിലിൽ കിടന്നത്. അറസ്റ്റിലായതുമുതൽ ജയിൽമോചിതനാകുന്നതുവരെ മരവിച്ച അവസ്ഥയിലായിരുന്നു മനസെന്നും തങ്കച്ചൻ പറഞ്ഞു.