ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി
1591048
Friday, September 12, 2025 5:41 AM IST
കൽപ്പറ്റ: ഏച്ചോം ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് 15ന് തുടക്കമാകും. രാവിലെ 10.30ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ.ജേക്കബ് കുമ്മിണിയിൽ അധ്യക്ഷത വഹിക്കും. ജെസ്യൂട്ട് പ്രൊവിൻഷ്യൽ ഫാ.ഹെൻട്രി പട്ടരുമഠത്തിൽ മുഖ്യപ്രഭാഷണം നടത്തും.
ലോഗോ പ്രകാശനം പനമരം പഞ്ചായത്ത് പ്രസിഡൻ് ലക്ഷ്മി ആലക്കമിറ്റം നിർവഹിക്കും. സ്കൂൾ പാലിയേറ്റീവ് ഗ്രൂപ്പ് പ്രവർത്തനോദ്ഘാടനം, പിന്നാക്ക വിഭാഗങ്ങളിലെ എൽപി വിദ്യാർഥികൾക്ക് പഠന പിന്തുണയ്ക്ക് ’ചിറക്’ എന്ന പേരിൽ തയാറാക്കിയ കൈപ്പുസ്തകം പ്രകാശനം എന്നിവ നടത്തും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ.ബി. നസീമ, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, വാർഡ് മെംബർ എം.കെ. രാമചന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ, സ്കൂൾ ഡയറക്ടർ ഫാ.ബിജു ജോർജ്, പ്രിൻസിപ്പൽ സിസ്റ്റർ ബീന ഒ തുടങ്ങിയവർ പ്രസംഗിക്കും.
അക്കാദമിക, നിർമാണ, സമൂഹികക്ഷേമ പ്രവർത്തനങ്ങൾ, ഗോത്രവിദ്യാർഥികളുടെ മികവ് പരിപോഷണം, ഭവന നിർമാണം, സാന്ത്വന പരിചരണം, സാഹിത്യ സംഗമങ്ങൾ, പൂർവ അധ്യാപക-വിദ്യാർഥി സംഗമം, ഇന്റർ സ്കൂൾ പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടത്തുമെന്ന് മാനേജർ ഫാ.ജേക്കബ് കുമ്മിണിയിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജസി പോൾ, പിടിഎ പ്രസിഡന്റ് എ.ഇ. ഗിരീഷ്, എസ്എംസി ചെയർമാൻ ഷിജു മരുതനാനിയിൽ, ആഘോഷ കമ്മിറ്റി ചെയർമാൻ വി.ഡി. തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗാന്ധിയൻ എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ 1951ൽ പ്രവർത്തനം തുടങ്ങിയതാണ് വിദ്യാലയം. സർവോദയ പ്രസ്ഥാനം നേതാവ് എം.പി. മൻമഥനാണ് സർവോദയ എന്ന പേര് നിർദേശിച്ചത്. 1960ൽ യുപിയായും 1982ൽ എച്ച്എസ് ആയും 2010ൽ ഹയർ സെക്കൻഡറിയായും ഉയർത്തി.
നിലവിൽ 12 വരെ ക്ലാസുകളിൽ 1,500 ഓളം പഠിതാക്കളുണ്ട്. 1990ലാണ് ജെസ്യൂട്ട് എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ഓഫ് വയനാട് വിദ്യാലയം ഏറ്റെടുത്തത്. ഗോത്രവിഭാഗക്കാരുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതി വിദ്യാലയത്തിന്റെ മുഖ്യലക്ഷ്യമാണെന്നും മാനേജർ പറഞ്ഞു.