ശുചീകരണത്തൊഴിലാളികൾക്കു കൂട്ടായി തെരുവുനായകൾ
1591047
Friday, September 12, 2025 5:41 AM IST
സുൽത്താൻ ബത്തേരി: നഗരത്തിലെ ശുചീകരണത്തൊഴിലാളികളുടെ സംരക്ഷകരായി തെരുവുനായകൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം കാരണം ജനം പൊറുതിമുട്ടുന്പോഴാണ് ശുചിത്വത്തിനു പേരുകേട്ട ബത്തേരിയിൽ ഈ വേറിട്ട കാഴ്ച.
ദിവസവും പുലർച്ചെ രണ്ട് മുതലാണ് ടൗണിൽ ശൂചീകരണം. സംഘങ്ങളായാണ് തൊഴിലാളികൾ നഗരശുചീകരണത്തിന് ഇറങ്ങുന്നത്. ഓരോ തൊഴിലാളി സംഘത്തിനുമൊപ്പം ജോലി കഴിയുന്നതുവരെ തെരുവുനായകളുടെ കൂട്ടം ഉണ്ടാകും. ശുചീകരണം നടത്തുന്ന തൊഴിലാളികൾക്ക് അരികിലേക്കു ആരെങ്കിലും എത്തിയാൽ നായകൾ കുരച്ചുചാടി വിരട്ടി പായിക്കും.
തെരുവുനായകൾ ഒപ്പമുള്ളതിനാൽ ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയുന്നുണ്ടെന്ന് ശുചീകരണത്തൊഴിലാളികൾ പറയുന്നു. ചില രാത്രികളിൽ ആനയും പുലിയും പന്നിയും ഉൾപ്പെടെ വന്യമൃഗങ്ങൾ ഇറങ്ങുന്ന നഗരമാണ് ബത്തേരി. വന്യമൃഗങ്ങളുടെ സാന്നിധ്യം മനസിലാക്കിയാലുടൻ നായകൾ കുരച്ച് മുന്നറിയിപ്പ് നൽകുന്നത് തൊഴിലാളികൾക്ക് സഹായകമാകുന്നുണ്ട്.
ശുചീകരണത്തിന്റെ ഭാഗമായി തൊഴിലാളികൾ അടിച്ചുകൂട്ടൂന്ന മാലിന്യത്തിൽ ബിസ്കറ്റ് കഷണങ്ങളടക്കം ഭക്ഷ്യയോഗ്യമായ സാധനങ്ങളും കാണും. ഇത് ആഹരിക്കുന്നതിനാണ് നായകൾ ഒപ്പം കൂടുന്നതെന്ന് തൊഴിലാളികൾ പറയുന്നു.