ഗൂഡല്ലൂർ നഗരത്തിലെ റോഡിലെ കുഴികൾ അടച്ചു
1590271
Tuesday, September 9, 2025 5:48 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിലെ റോഡിലെ കുഴികൾ താത്കാലികമായി അടച്ചു. പാടെ തകർന്ന റോഡിലെ വലിയ കുഴികളാണ് ട്രാഫിക് പോലീസ് അടച്ചത്.
റോഡിന്റെ അറ്റകുറ്റ പ്രവൃത്തികൾ നടത്തിയത് വാഹനയാത്രക്കാർക്ക് ആശ്വാസമായിട്ടുണ്ട്. ഇത് അഞ്ചാംതവണയാണ് റോഡിന്റെ അറ്റകുറ്റ പ്രവൃത്തികൾ നടത്തുന്നത്. നാല് തവണ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റ പ്രവൃത്തികൾ നടത്തിയത്. ഊട്ടി-മൈസൂർ ദേശീയ പാതയും ഗൂഡല്ലൂർ-കോഴിക്കോട് സംസ്ഥാന പാതയും പാടെ തകർന്നിരിക്കുകയാണ്.
വലിയ കുഴികളാണ് പലയിടങ്ങളിലും രൂപപ്പെട്ടിരിക്കുന്നത്. ഗൂഡല്ലൂർ പഴയ ബസ്റ്റാൻഡിലാണ് റോഡിന്റെ അറ്റകുറ്റ പ്രവൃത്തികൾ നടത്തിയത്. നീലഗിരിയിലെ പ്രധാന നഗരത്തിലെ റോഡാണ് പാടെ തകർന്നിരിക്കുന്നത്. മഴക്കാലമായതോടെ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഗൂഡല്ലൂരിലൂടെ കടന്നു പോകുന്നത്. റോഡ് ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരന്തരം സമരം നടത്തിയെങ്കിലും ഇതുവരെ റോഡ് ടാറിംഗ് നടത്താൻ അധികൃതർ തയാറായിട്ടില്ല.
റോഡിലെ കുഴികളിൽ വാഹനങ്ങൾ വീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റോഡുകൾ നന്നാക്കാൻ തയ്യാറാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.