കന്പനീ തീരത്ത് നീർനായകളും
1590844
Thursday, September 11, 2025 7:55 AM IST
മാനന്തവാടി: കന്പനീ തീരത്ത് ചീങ്കണ്ണിക്കും മുതലയ്ക്കും പിന്നാലെ പുഴയോരങ്ങളിൽ നീർനായകളും. വള്ളിയൂർക്കാവ് പുഴയോരത്താണ് കഴിഞ്ഞ ദിവസം ഇവയെ കൂട്ടമായി കണ്ടത്.
പുഴയരികിൽ അലക്കാനും കുളിക്കാനും എത്തുന്നവർക്ക് ഇത് ആശങ്കയ്ക്ക് ഇടനൽകുന്നുണ്ട്. വള്ളിയൂർക്കാവ് പുഴയിൽ ഒട്ടേറെ തവണ നാട്ടുകാർ ചീങ്കണ്ണികളെ കണ്ടിട്ടുണ്ടെങ്കിലും അപൂർവമായി മാത്രമാണ് നീർനായകളെ കാണാറുള്ളത്. സ്മൂത്ത് കോട്ടട് ഓട്ടർ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന നീർനായകൾ പ്രത്യേക ആവാസ വ്യവസ്ഥയിൽ കഴിയാൻ ഇഷ്ടപ്പെടുന്നവയാണ്.
പുഴയിൽ പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ പതിങ്ങിയിരിക്കുന്നത്. പൂക്കോട്, ലക്കിടി മലനിരകളിലെ നീർച്ചാലുകൾ, കബനി, നരസിപ്പുഴ, പനമരം ചെറിയപുഴ, വയനാട് വന്യജീവി സങ്കേതം എന്നിവിടങ്ങളിലും ഇവയുടെ സാന്നിധ്യം അടുത്ത കാലങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മത്സ്യങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം.
വള്ളിയൂർക്കാവ് പുഴയിൽ ചീങ്കണ്ണിയെയും നിരവധി തവണ കാണപ്പെട്ടിട്ടുണ്ടെങ്കിലും നീർനായകളെ 2018 ലെ പ്രളയത്തിന് ശേഷമാണ് കാണാൻ തുടങ്ങിയത്. കഴിഞ്ഞ മാസം വേമം പാടത്ത് വെള്ളം കയറിയപ്പോൾ നീർനായയെ കണ്ടിരുന്നു.