കുറ്റക്കാർക്കെതിരെ നടപടി വേണം: കത്തോലിക്കാ കോണ്ഗ്രസ്
1591052
Friday, September 12, 2025 5:41 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ കാനാട്ടുമലയിൽ തങ്കച്ചന്റെ വീടിനോട് ചേർന്ന പോർച്ചിൽ കാറിനടിയിൽ നിന്നും കർണാടക നിർമിത മദ്യവും സ്ഫോടകവസ്തുക്കളും കണ്ടെടുത്തത് കേവലം ഫോണ് കോളിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത തങ്കച്ചനെ വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്യുകയും ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിൽവാസം അനുഭവിക്കേണ്ടി വന്നതും പോലീസിന്റെ ഗൗരവതരമായ അനാസ്ഥയുടെ ഫലമാണന്ന് കത്തോലിക്കാ കോണ്ഗ്രസ് മുള്ളൻകൊല്ലി ഫൊറോന കമ്മിറ്റി കുറ്റപ്പെടുത്തി.
പ്രദേശവാസികളുടെയും നാട്ടുകാരുടെയും മൊഴികൾ വിശ്വസ്തതയിൽ എടുക്കാതെ യഥാർത്ഥ പ്രതിയെ കണ്ടെത്തുന്നതിനു പകരം കിട്ടിയ പ്രതിയെ പിടിക്കുന്ന പോലീസിന്റെ നയം ആ കുടുംബത്തിനുണ്ടാക്കിയ മാനഹാനിയും വേദനയും വലുതാണ്.
തുടരന്വേഷണത്തിൽ പുത്തൻവീട്ടിൽ പ്രസാദിനെ അറസ്റ്റ് ചെയ്തതിലൂടെ തൽക്കാലം പോലീസിന് ആശ്വസിക്കാം. ഇതിനു പിറകിൽ പ്രവർത്തിച്ച മുഴുവൻ കുറ്റക്കാരെയും എത്രയും പെട്ടെന്ന് പോലീസ് കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്നും രാഷ്ട്രീയ പകപോക്കലുകളിൽ കേട്ട് കേൾവിയില്ലാത്ത ഇത്തരം പ്രവർത്തികൾ രാഷ്ട്രീയ നേതൃത്വം കർശനമായി ഇടപ്പെട്ട് ഇല്ലായ്മ ചെയ്യണം.
കാനാട്ടുമല തങ്കച്ചനും കുടുംബത്തിനും കത്തോലിക്കാ കോണ്ഗ്രസ് മുള്ളൻകൊല്ലി ഫൊറോനയുടെ പിന്തുണയുണ്ടാകുമെന്നും എകെസിസി ഫൊറോനകമ്മിറ്റി അറിയിച്ചു. ജോണ്സണ് തൊഴുത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു. ബീന ജോസ് കരുമാംക്കുന്നേൽ, ജോർജ് കൊല്ലിയിൽ, ജോസ് പള്ളത്ത്, കെ.എൽ. ജോണി, ജോർജ് കച്ചിറമറ്റം, ഷിനോയി, ടോമി, ജിനു, സവിജു തുടങ്ങിയവർ പ്രസംഗിച്ചു.