ടൗണ്‍ഷിപ്പിലെ ഭവനങ്ങളുടെ നിർമാണം പുരോഗമിക്കുന്നു
1590846
Thursday, September 11, 2025 7:55 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ ഒരുങ്ങുന്ന ഭവനങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. നിലവിൽ ഏഴ് വീടുകളുടെ വാർപ്പ് പൂർത്തിയായി.
എൽസ്റ്റണ്‍ എസ്റ്റേറ്റിൽ അഞ്ച് സോണുകളിലായി നിർമിക്കുന്ന 410 വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. നിലവിൽ ആദ്യ സോണിലെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
114 വീടുകളുടെ ബിൽഡിംഗ് സെറ്റ് ഔട്ട്, 114 വീടുകളുടെ ഉത്ഖനനം, 43 വീടുകളുടെ ഫൂട്ടിംഗ് കോണ്‍ക്രീറ്റ്, 34 വീടുകളുടെ സ്റ്റം കോളം, 12 വീടുകൾക്കുള്ള ബീമുകളുടെ കോണ്‍ക്രീറ്റ്, ഒന്‍പത് വീടുകളുടെ കോളം കോണ്‍ക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായിയിട്ടുണ്ട്.ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 വീടുകളാണ് നിർമിക്കുന്നത്. 262 വീടുകൾക്കുള്ള ക്ലിയറിംഗ് ആൻഡ് ഗ്രബ്ബിംഗ് പ്രവൃത്തി പൂർത്തിയായി. 144 വീടുകളുടെ കോണ്‍ പെനട്രേഷൻ ടെസ്റ്റ് (മണ്ണിന്റെ ഘടന പരിശോധന), 80 വീടുകളുടെ പ്ലെയിൻ സിമന്റ് കോണ്‍ക്രീറ്റ് എന്നിവയും പൂർത്തിയായി. 200 വീടുകൾക്ക് ഏഴ് സെന്റ് വീതമുള്ള അതിരുകൾ നിശ്ചയിച്ചു.
ടൗണ്‍ഷിപ്പിലൂടെ കടന്നുപോകുന്ന കെഎസ്ഇബിയുടെ ട്രാൻസ്മിഷൻ ലൈൻ മാറ്റി സ്ഥാപിക്കാൻ നാല് പ്രധാന ടവറുകളുടെ പ്രവൃത്തികൾ ആരംഭിച്ചു. സബ്സ്റ്റേഷൻ സ്ഥാപിക്കാൻ 2.35 ഏക്കർ സ്ഥലം ടൗണ്‍ഷിപ്പിനോട് അനുബന്ധമായി കണ്ടെത്തി പ്രവർത്തികൾ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. സബ്സ്റ്റേഷൻ നിർമാണത്തിനുള്ള മണ്ണൊരുക്കൽ പ്രവർത്തികൾക്കായി ടെൻഡർ ക്ഷണിച്ചു. പ്രവർത്തികൾ ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് കഐസ്ഇബി എക്സക്യുട്ടീവ് എൻജിനീയർ അറിയിച്ചു.