കോപ്പിപോഡ് സ്പീഷീസുകളുടെ ജനിതക ബാർകോഡ് പഠനവുമായി മേരിമാതാ കോളജ് ജന്തു ശാസ്ത്ര വിഭാഗം
1590266
Tuesday, September 9, 2025 5:48 AM IST
മാനന്തവാടി: ജൈവസൂചികാ ഗണത്തിൽ പെടുന്ന ജീവികളുടെ നിർണായക ജനിതക ബാർകോഡ് പഠനവുമായി മേരിമാതാ കോളജ് ജന്തു ശാസ്ത്ര വിഭാഗം. സമുദ്രോപരിതലത്തിൽ ജീവിക്കുന്ന ജൈവ സൂചികാ ഗണത്തിൽപ്പെടുന്ന "പോണ്ടെല്ലിടെ’ കുടുംബത്തിലെ കോപ്പിപോഡ് സ്പീഷീസുകളുടെ ജനിത ബാർകോഡുകളെ കുറിച്ചുള്ള പഠനമാണ് ഇവർ നടത്തിയത്.
സമുദ്രത്തിലെ മൽസ്യസന്പത്തുകളും ജൈവ വൈവിധ്യവും കാത്തു സൂക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ചെറുജീവികളാണ് കോപ്പിപോടുകൾ. സമുദ്രത്തിലെ പോണ്ടെല്ലിടെ കുടുംബത്തിൽ പെടുന്ന കോപ്പിപോഡ് സ്പീഷീസുകൾ അന്താരാഷ്ട്രസമുദ്രജല പ്രവാഹങ്ങൾ, സമുദ്രഅമ്ലീകരണം, സമുദ്ര താപനിലാ വ്യതിയാനം എന്നിവയുടെ പഠനത്തിനായുള്ള ജൈവ സൂചികകളായി ഉപയോഗിക്കുന്നു.
ലക്ഷദ്വീപ് സമൂഹങ്ങളിലെ വിവിധ ലഗൂണുകളിലും അറബിക്കടലിലും നടത്തിയ പഠനത്തിൽ പതിമൂന്നു പോണ്ടെല്ല കോപ്പിപോഡ് സ്പീഷീസുകളുടെ എഴുപത്തിനാലോളം ജനിത ബാർകോഡുകളാണ് വികസിപ്പിച്ചത്.
പസഫിക് സമുദ്രത്തിലെ ഹവായ് ദ്വീപിൽ കണ്ടുവന്നിരുന്ന കോപ്പിപോഡ് സ്പീഷീസ് ഉൾപ്പടെ തിരിച്ചറിയാൻ പ്രയാസം നേരിട്ടിരുന്നതും വിവിധ സമുദ്ര മേഖലകളിൽ നിന്നും നിലവിൽ തെറ്റായി വർഗീകരിച്ചിരുന്നതുമായ പല സ്പീഷീസുകളെയും ശരിയായ വർഗീകരണ പദവിയിൽ ഉൾപ്പെടുത്താൻ ഈ പഠനം സഹായിച്ചു.
കൂടാതെ നിലവിൽ വികസിപ്പിച്ച ജനിത ബാർകോഡുകൾ ലോകത്തിലെ വിവിധ സാമുദ്രിക മേഖലകളിലെ കോപ്പിപോഡ് സ്പീഷീസുകളെ എളുപ്പത്തിലും ശരിയായും തിരിച്ചറിയാനും ഗവേഷകർക്ക് സഹായകരമാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ മേരി മാതാ കോളജ് ജന്തു ശാസ്ത്ര വിഭാഗം തലവൻ ഡോ. സനു വി. ഫ്രാൻസിസ് അഭിപ്രായപ്പെട്ടു.
കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും കൊച്ചിൻ യൂണിവേഴ്സിറ്റി മറൈൻ ബയോളജി സീനിയർ പ്രഫസറും ഡീനുമായ ഡോ.എസ്. ബിജോയ് നന്ദൻ ഗവേഷണത്തിൽ പ്രധാനഭാഗമായിരുന്നു. ജേർണൽ ഓഫ് അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് എന്ന ശാസ്ത്ര ജേർണലിന്റെ പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.