കൊഴിഞ്ഞുപോക്ക് തടയാൻ കർമപദ്ധതി; "സ്കൂളിലെത്തണം എല്ലാവരും, കൂടെയുണ്ട് നാടൊന്നാകെ'
1591297
Saturday, September 13, 2025 5:54 AM IST
കൽപ്പറ്റ: സ്കൂളുകളിൽ നിന്നും പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്ത സഹകരണത്തോടെ കർമ പദ്ധതി നടപ്പാക്കുന്നു.
സ്കൂളിലെത്തണം എല്ലാവരും കൂടെയുണ്ട് നാടൊന്നാകെ എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുക ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോണ്ഫറൻസ് ഹാളിൽ ചേർന്ന് യോഗത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തി. ജില്ലയിലെ ആകെ സ്കൂൾ വിദ്യാർഥികളിൽ 20 ശതമാനം പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്.
പഠനം പാതിവഴിയിൽ നിർത്തി കൊഴിഞ്ഞുപോകുന്നവരിൽ നാലിൽ മൂന്ന് പേരും പട്ടികവർഗക്കാരാണെന്ന കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടികവർഗ വിഭാഗത്തിന് പ്രഥമ പരിഗണന നൽകി കർമ പദ്ധതി തയാറാക്കുന്നത്. 2025 അധ്യയന വർഷത്തിൽ ജൂലൈയിൽ 50 ശതമാനത്തിൽ താഴെ ദിവസങ്ങൾ സ്കൂളിലെത്തിയ കുട്ടികളുടെ എണ്ണം 618 ആയിരുന്നു.
ഓഗസ്റ്റിലെ റിപ്പോർട്ട് പ്രകാരം 50 ശതമാനത്തിൽ താഴെ ഹാജരുള്ളവർ 434 വരായി കുറഞ്ഞു.വ്യക്തമായ കാരണമില്ലാതെ സ്കൂളിലെത്താത്ത വിദ്യാർഥികളുടെ കണക്കുകൾ സ്കൂളുകളിൽ രേഖപ്പെടുത്തി പ്രത്യേക ഡ്രോപ്പ് ഔട്ട് രജിസ്റ്റർ സൂക്ഷിക്കുകയും കർമ പദ്ധതിയിലൂടെ വിവിധ വകുപ്പുകൾ ഡ്രോപ്പ് ഔട്ട് രജിസ്റ്റർ അവലോകനം ചെയ്യും.
വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കാൻ നോഡൽ അധ്യാപകരുടെ നിയമനം, മൂന്ന് ദിവസത്തിൽ കൂടുതൽ സ്കൂളുകളിലെത്താത്തവരുടെ വീടുകളിൽ അധ്യാപകർ, പിടിഎ പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവരുടെ സംയുക്ത സന്ദർശനവും പദ്ധതിയിലുടെ ഉറപ്പുവരുത്തും. ഒരോ വിദ്യാലയത്തിനും ഒരു പ്രൊമോട്ടർക്ക് വ്യക്തിഗത ഏകോപന ചുമതലയും നൽകും.
സ്കൂളിൽ എത്താത്ത ഓരോ കുട്ടിയുടെയും വിവരങ്ങൾ പട്ടികവർഗ വികസന വകുപ്പ് സമയബന്ധിതമായി പഠിച്ച് പ്രശ്നങ്ങൾ പരിഹരിക്കും. കുടുംബങ്ങളിൽ വിവിധ ബുദ്ധിമുട്ടുകളാൽ പഠനം തുടരാൻ പ്രയാസപ്പെടുന്ന കുട്ടികളെ പ്രീപോസ്റ്റ് എംആർഎസ് ഹോസ്റ്റലുകളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉന്നതികൾ കേന്ദ്രീകരിച്ച് വീഡിയോ പ്രചാരണം നടത്തും.
പ്രത്യേക ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പട്ടികവർഗ വികസന വകുപ്പിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കും. സ്കൂൾ തദ്ദേശസ്വയംഭരണ താലൂക്ക് ജില്ലാതലത്തിൽ അവലോകന സമിതികൾ പ്രവർത്തിക്കും.
പത്താം ക്ലാസ് വിജയിച്ച് തുടർ പഠനത്തിന് അപേക്ഷ നൽകാത്തവർ, ഹയർസെക്കൻഡറി പ്രവേശനം ലഭിച്ചിട്ടും പോകാത്ത വിദ്യാർഥികളുടെ കാര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കും. കുട്ടികളെ സ്ഥിരമായി സ്കൂളിലെത്തിക്കാൻ ജില്ലാഭരണ കൂടവും വിവിധ വകുപ്പുകൾ കഠിനപ്രയത്നമാണ് നടത്തുന്നതെന്നും ശ്രമങ്ങൾ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്. പട്ടികവർഗ മേഖലയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സംബന്ധിച്ച് രക്ഷിതാക്കൾക്ക് കൂടുതൽ ബോധവത്കരണം നൽകണം.
കായിക മേഖലയിൽ അഭിരുചിയുള്ള വിദ്യാർഥികളെ അത്തരം വിനോദങ്ങളിലൂടെ സ്കൂളുകളിലേക്ക് ആകർഷിക്കണം. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ അധ്യാപകർക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികവർഗ വിഭാഗക്കാരായ വിദ്യാർഥികളോട് സഹാനുഭൂതിയോടെയും വിവേചന രഹിതമായും പെരുമാറണം.
ജില്ല മറ്റ് ജില്ലകളുമായി അതിർത്തി പങ്കിടുന്നതിനാൽ കാർഷിക വിളവെടുപ്പ് സമയങ്ങളിൽ കുട്ടികൾ സ്കൂളിലെത്തുന്നത് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടർ അതുൽ സാഗർ, അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന, വിവിധ വകുപ്പ് ജില്ലാതല മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.