ലയണ്‍സ് ഹോസ്പിറ്റൽ ഉദ്ഘാടനം ഇന്ന്
1591300
Saturday, September 13, 2025 5:54 AM IST
സുൽത്താൻ ബത്തേരി: ലയണ്‍സ് ക്ലബ്ബ് ഇന്റർനാഷ്ണലിന്റെ കേരള ഘടകം മൾട്ടിപ്പിൾ 318 വയനാട്ടിൽ ആരംഭിച്ച ആതുരാലയം ഇന്ന് നാടിനായി സമർപ്പിക്കുമെന്ന് ലയണ്‍സ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വടുവൻചാലിനടുത്ത വട്ടത്തുവയലിൽ ഇന്ന് രാവിലെ 8.30ന് ലയണ്‍സ് ഇന്റർനാഷ്ണൽ പ്രസിഡന്റ് എ.പി. സിംഗ് ഉദ്ഘാടനം ചെയ്യും. പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽപ്പെട്ടവർക്ക് ആരോഗ്യപരമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നത്.
മൂന്ന് നിലകളിലായി പതിനാറായിരം ചതുരശ്രയടിയിലാണ് ആശുപത്രി പ്രവർത്തിക്കുക. പ്രാഥമികമായി ഡയാലിസിസ് യൂണിറ്റും സ്പീച്ച് ആൻഡ് ഹിയറിംഗ്, മാനസികാരോഗ്യപദ്ധതികളുമാണ് നടപ്പാക്കുന്നത്. രോഗികൾക്കുള്ള ഹെൽത്ത് കാർഡ് ടി. സിദ്ദിഖ് എംഎൽഎയും സ്പിച്ച് ആൻഡ് ഹിയറിംഗിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ് മുൻ ഇന്റർ നാഷ്ണൽ ഡയറക്ടർ സംഗീത ജാട്ടിയും മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റുമായി ചേർന്നുള്ള പ്രവർത്തനം മുൻ ഇന്റർനാഷ്ണൽ ഡയറക്ടർ വിജയകുമാർ രാജുവും ഉദ്ഘാടനം ചെയ്യും.
മുൻ ഇന്റർ നാഷ്ണൽ ഡയറക്ടർ വി.പി. നന്ദകുമാർ സബ്സിഡി നിലരക്കിലുള്ള ഡയാലിസീസ് സെന്റർ നാടിന് സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ മുൻഗവർണർ പ്രഫ. വർഗീസ് വൈദ്യൻ, വയനാട് സെക്രട്ടറി ജേക്കബ് സി. വർക്കി, റീജിയൻ ചെയർമാൻ സാജു ഐക്കർകുന്ന്, കെ.എസ്. ബിബിൻ, ടി.പി. പ്രമദാസ്, ബെന്നി ഏബ്രഹാം, പ്രിയൻ, വി.പി. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.