കാരക്കാമലയിൽ നാല് കുടുംബങ്ങൾക്കുകൂടി വീടായി; ഒരു ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തി
1591270
Saturday, September 13, 2025 5:05 AM IST
കാരക്കാമല: നിർധന കുടുംബങ്ങൾക്കായി സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ നാല് വീടുകളുടെ താക്കോൽദാനവും വെഞ്ചരിപ്പും ഒരു വീടിന്റെ ശിലാസ്ഥാപനവും മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. കാരക്കാമല പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തിയ സമ്മേളനത്തിലായിരുന്നു താക്കോൽദാനം.
കാരക്കാമല ഇടവക രൂപതയിലെ മറ്റ് ഇടവകകൾക്ക് പ്രചോദനവും മാതൃകയുമാണെന്ന് ബിഷപ് പറഞ്ഞു. ഭവനപദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരെ ആദരിച്ചു. ഇതിനുശേഷം ഇടവകയുടെ വിവിധ ഭാഗങ്ങളിൽ ഓരോ വീട്ടിലും എത്തിയാണ് പിതാവ് വെഞ്ചരിപ്പ് നടത്തിയത്. ഇടവക നിർമിക്കുന്ന അഞ്ചാമത് ഭവനത്തിന്റെ തറക്കല്ല് പിതാവ് ആശീർവദിച്ച് നൽകി.
വികാരി ഫാ. ബെന്നി പനക്കലിന്റെ നേതൃത്വത്തിൽ തോമസ് വെള്ളാരംകല്ലിൽ കണ്‍വീനറായ 16 അംഗ കമ്മിറ്റിക്കാണ് ഭവന പദ്ധതി നിർവഹണച്ചുമതല. ഇടവകാംഗങ്ങളിൽനിന്നും മറ്റു അഭ്യുദയ കാംക്ഷികളിൽനിന്നും ധനസമാഹരണം നടത്തിയാണ് ഭവന നിർമാണത്തിന് വിനിയോഗിക്കുന്നത്. ഒന്‍പത് ലക്ഷം രൂപ വീതം ചെലവഴിച്ചാണ് നാല് വീടുകളുടെ പ്രവൃത്തി നടത്തിയത്.