വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവായി പഴശി പാർക്ക്
1591307
Saturday, September 13, 2025 5:57 AM IST
മാനന്തവാടി: വടക്കെ വയനാടിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവായി പഴശി പാർക്ക്. ഓണാവധി ആരംഭിച്ച ഓഗസ്റ്റ് 28 മുതൽ ഈമാസം ഏഴ് വരെ പാർക്ക് സന്ദർശിച്ചത് 1876 പേർ. വരുമാന ഇനത്തിൽ ലഭിച്ചത് 67,480 രൂപ. ഓണത്തിന് പിറ്റേന്ന് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചത് 22520 രൂപയും. മധ്യവേനലവധിക്കാലത്ത് ഏപ്രിൽ, മേയ് മാസങ്ങളിൽ 10 ലക്ഷം രൂപയും വരുമാനമായി ലഭിച്ചിരുന്നു. സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പാർക്ക് 1994 ലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ ഏറ്റെടുത്തത്.
4.55 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന പാർക്കിന്റെ ലാൻഡ് സ്കേപ്പിംഗും മുളങ്കൂട്ടങ്ങളും വെള്ളച്ചാട്ടവും വാട്ടർ ഫൗണ്ടനും നടപ്പാതയും കഫ്റ്റീരിയയും ഇരിപ്പിടങ്ങളുമെല്ലാം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് കുട്ടികൾക്കായി പാർക്ക് ഒരുക്കിയിരിക്കുന്നത്. സോർബിംഗ് ബോൾ, മൾട്ടി സീറ്റ് സീ സോ, മൾട്ടി പ്ലേ ഫണ്‍ സിസ്റ്റം, മേരി ഗോ റൗണ്ട്, വാട്ടർ കിയോസ്ക്ക്, വാട്ടർ ആക്ടിവിറ്റീസ്, കുടിവെള്ള സൗകര്യം എന്നിവയെല്ലാമാണ് ഇവിടെ ആധുനിക രീതീയിൽ സജ്ജീകരിച്ചിരിക്കുന്നത്.
മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്,പാർക്കിൽ നിന്ന് വള്ളിയൂർക്കാവ് വരെ കബനിയിലൂടെയുള്ള റിഫർ റാഫ്റ്റിങ്ങ്, മ്യുസിക് ഫൗണ്ടൻ എന്നിവയും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഡിടിപിസി മാനേജർ രതീഷ് കുമാർ പറഞ്ഞു.