കുറുവ വിനോദസഞ്ചാരകേന്ദ്രം ഉണർന്നു; റാഫ്റ്റിംഗ് വൈകാതെ പുനരാരംഭിക്കും
1591803
Monday, September 15, 2025 5:40 AM IST
കൽപ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലുള്ള കുറുവ ദ്വീപിൽ വിനോദസഞ്ചാരം പുനരാരംഭിച്ചു.
മഴക്കാലത്ത് നിർത്തിവച്ച ടൂറിസം പ്രവർത്തനങ്ങൾക്കാണ് ദ്വീപിൽ വീണ്ടും തുടക്കമായത്. ആവശ്യമായ ഒരുക്കം നടത്തിയാണ് സഞ്ചാരികൾക്ക് ദ്വീപിൽ കഴിഞ്ഞ ദിവസം മുതൽ പ്രവേശനം അനുവദിച്ചത്. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദമാണ് കുറുവ. പ്രകൃതിദൃശ്യങ്ങളും ശുദ്ധവായുവും ജൈവവൈവിധ്യ സമൃദ്ധിയുമാണ് കുറുവയുടെ സവിശേഷത.
388ൽപരം ഇനം സസ്യജാലങ്ങളുടെ സാന്നിധ്യം കുറുവ ദ്വീപുകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വംശനാശം നേരിടുന്നതടക്കം 57 ഇനം ഓർക്കിഡുകൾ കുറുവയിലുണ്ട്. 92 ഇനം വൻമരങ്ങളാണ് ദ്വീപുകളിൽ തണൽവിരിക്കുന്നത്. 35 മീറ്റർ വരെ ഉയരത്തിൽ വളരുന്ന നനവാർന്ന ഇലപൊഴിക്കും കാട് കുറുവയുടെ പ്രത്യേകയാണ്. അപൂർവ ഇനങ്ങളിൽപ്പെട്ടതടക്കം പക്ഷിമൃഗാദികളുടെ ആവാസ വ്യവസ്ഥയുമാണ് ദ്വീപുകൾ. ചെറുതും വലുതുമായ 70ൽ പരം തുരുത്തുകളാണ് കുറുവയിലുള്ളത്.
ഇതിൽ കബനി നദിയിലെ പാൽവെളിച്ചത്തിനും ചെറിയമലയ്ക്കും ഇടയിലുള്ള രണ്ട് വലിയ തുരുത്തുകളിലാണ് ടൂറിസം. നേരത്തേ ഏഴ് തുരുത്തുകളിൽ സഞ്ചാരികൾക്ക് പ്രവേശനം നൽകിയിരുന്നു.
ജൈവ വൈവിധ്യ സംരക്ഷണവും സന്ദർശകരുടെ സുരക്ഷയും കണക്കിലെടുത്താണ് വിനോദസഞ്ചാരം രണ്ട് ദ്വീപുകളിൽ മാത്രമാക്കിയത്.പയ്യന്പള്ളി പാൽവെളിച്ചം, പുൽപ്പള്ളി പാക്കം ചെറിയമല ഭാഗങ്ങളിലൂടെയാണ് സഞ്ചാരികൾക്ക് കുറുവ ദ്വീപിൽ പ്രവേശനം. വിനോദസഞ്ചാരകേന്ദ്രത്തിൽ ദിവസം അനുവദിക്കാവുന്ന സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
പാൽവെളിച്ചം വഴി 245ഉം ചെറിയമല ഭാഗത്തുകൂടി 244ഉം പേർക്കാണ് ദിവസം പ്രവേശനം. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ഇത്തരത്തിൽ ക്രമീകരണം ഏർപ്പെടുത്തിയത്. വിനോദയാത്രയ്ക്ക് എത്തുന്ന മുഴുവൻ പേർക്കും ദ്വീപിൽ പ്രവേശനം നൽകാൻ കഴിയാത്ത സ്ഥിതിയാണ്.
ഈ പരിമിതി മറികടക്കുന്നതിന് ദ്വീപുകളോടു ചേർന്ന നദിയിൽ റാഫ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. നദിയിലൂടെയുള്ള ചെറു ചങ്ങാട സവാരികൾ ഒഴുക്കിന്റെ ശക്തി കുറയുന്നതനുസരിച്ച് പുനരാരംഭിക്കും. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് സഞ്ചാരികൾക്കു ദ്വീപിൽ പ്രവേശനം.