ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു
1591801
Monday, September 15, 2025 5:40 AM IST
കൽപ്പറ്റ: ജില്ലയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. നിരവധി സ്ഥലങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ശോഭായാത്ര നടന്നു. പനമരം കൃഷ്ണൻമൂല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിശേഷ പൂജകൾ, വൃന്ദാവനം നൃത്താവിഷ്കാരം, കായിക മത്സരങ്ങൾ, പിറന്നാൾ സദ്യ, ദീപാരാധന, വിഷ്ണു സഹസ്രനാമ അർച്ചന, കുചേലഗമനം ദൃശ്യാവിഷ്കാരം തുടങ്ങിയവ നടന്നു.
ക്ഷേത്ര ഭരണസമിതി, പാഞ്ചജന്യം സന്നദ്ധ സേവാസംഘം, മാതൃസമിതി എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്വടുവഞ്ചാൽ: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി "ഗ്രാമം തണലേകട്ടെ, ബാല്യം സഫലമാകട്ടെ’ എന്ന സന്ദേശവുമായി ശ്രീ ദുർഗാ ബാലഗോകുലം വിവിധ ക്ഷേത്ര സമിതികളുടെ സഹകരണത്തോടെ ടൗണിൽ വർണാഭമായ ശോഭായാത്ര നടത്തി.
കൃഷ്ണ-ഗോപിക വേഷധാരികളായ നിരവധി കുട്ടികളും വാദ്യമേളങ്ങളും ഗോപികനൃത്തവും ശ്രീകൃഷ്ണ സ്തുതികളും കൂടിച്ചേർന്നതായിരുന്നു ശോഭായാത്ര. കുഞ്ഞോത്ത് കോട്ട ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ ചിത്രഗിരി സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോസ് തുരുത്തേൽ ശോഭായാത്ര ഉദ്ഘാടനം ചെയ്തു.
ഉപ ശോഭായാത്രകൾ സംഗമിച്ച് നഗര പ്രദക്ഷിണത്തോടെ കുഞ്ഞോത്തുകോട്ട ക്ഷേത്രവളപ്പിലായിരുന്നു സമാപനം. ഇതിനുശേഷം കുട്ടികളുടെ കലാപരിപാടികൾ, പായസ പ്രസാദ വിതരണം എന്നിവ നടന്നു.