കൽപ്പറ്റയിൽ ടോയ്ലെറ്റ് ബ്ലോക്ക് ഉദ്ഘാടനം ഇന്ന്
1591804
Monday, September 15, 2025 5:40 AM IST
കൽപ്പറ്റ: നഗരത്തിൽ ഹെഡ്പോസ്റ്റ് ഓഫീസിനു സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തോടുചേർന്ന് നിർമാണം പൂർത്തിയായ ടോയ് ലെറ്റ് ബ്ലോക്ക് ഇന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. വൈകുന്നേരം നാലിന് മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം നിർവഹിക്കും.
നഗരത്തിലെ പ്രധാന ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഹെഡ്പോസ്റ്റ് ഓഫീസിനടുത്തുള്ളത്. കോഴിക്കോട് ഭാഗത്തുനിന്നു പുൽപ്പള്ളി, മാനന്തവാടി, ബത്തേരി, മൈസൂരു, ബംഗളൂരു ഭാഗങ്ങളിലേക്കുള്ള ബസുകൾ പഴയ സ്റ്റാൻഡിൽ കയറാറില്ല. വഴിയോരത്ത് ബസുകൾ നിർത്തിയാണ് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു കൽപ്പറ്റയിലെത്തുന്നവർക്കും കർണാടകയിലേക്കും മറ്റും യാത്രയ്ക്ക് ബസ് കാത്തു നിൽക്കുന്നവർക്കും ടോയ് ലെറ്റ് സൗകര്യത്തിന്റെ അഭാവം വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. രാത്രി ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം ബസ് ഇറങ്ങുന്ന യാത്രക്കാർ പരിസരത്തെ ഇടവഴികളെയാണ് മൂത്രമൊഴിക്കുന്നതിന് ആശ്രയിച്ചിരുന്നത്.
ഇത് പകൽ ഇടവഴികളിൽ ദുർഗന്ധം വമിക്കുന്നിതിനു കാരണമായിരുന്നു. ഈ അവസ്ഥയ്ക്കാണ് ടോയ് ലെറ്റ് ബ്ലോക്ക് പ്രവർത്തനം തുടങ്ങുന്നതോടെ പരിഹാരമാകുന്നത്. വർഷങ്ങൾ മുന്പ് നഗരസഭ ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്ത് ഇ- ടോയ് ലെറ്റ് സ്ഥാപിച്ചെങ്കിലും വൈകാതെ വിവിധ കാരണങ്ങളാൽ അടച്ചുപൂട്ടുകയായിരുന്നു.
ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഒരു ഭാഗമാണ് പുതിയ ടോയ് ലെറ്റ് ബ്ലോക്കിന് ഉപയോഗപ്പെടുത്തിയത്. ഹെഡ് പോസ്റ്റ്ഓഫീസിനും അനന്തവീര തിയേറ്ററിനും ഇടിയിലൂടെയുള്ള വീതികുറഞ്ഞ പൊതുവഴി ആഴത്തിൽ കുഴിച്ചാണ് സേഫ്റ്റി ടാങ്ക് സ്ഥാപിച്ചത്.
ടോയ് ലെറ്റ് ബ്ലോക്ക് നിർമാണത്തിനും ഇടവഴിയുടെ നവീകരണത്തിനും നഗരസഭ തനത് ഫണ്ടിൽനിന്നും 50 ലക്ഷത്തോളം രൂപ ചെലവഴിച്ചു. ആധുനിക രീതിയിലാണ് ടോയ് ലെറ്റ് ബ്ലോക്ക് നിർമാണം പൂർത്തിയാക്കിയത്. എയർകണ്ടീഷൻ ചെയ്ത ബ്ലോക്ക് 24 മണിക്കൂറും പ്രവർത്തിക്കും.
ഇതിനു മൂന്ന് ഷിഫ്റ്റ്കളിലായി ജോലിക്കാരെ നിയോഗിക്കും. പ്രതിദിനം 5,000 കിലോലിറ്റർ ശുദ്ധീകരണശേഷിയുള്ള ടാങ്കാണ് ബ്ലോക്കിൽ ഉപയോഗിച്ചിരിക്കുന്നത്. മലിനജലം പൊല്യൂഷൻ കണ്ട്രോൾ ബോർഡ് നിഷ്കർഷിക്കുന്ന നിലവാരത്തിൽ ശുദ്ധീകരിക്കും. എസ്ബിആർ(സീക്വൻസിംഗ് ബാച്ച് റിയാക്ടർ)സാങ്കേതിക വിദ്യ ടോയ് ലെറ്റ് നിർമാണത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.