കൊലയാളി ആനയെ പിടികൂടാൻ ഉത്തരവിട്ടു
1592232
Wednesday, September 17, 2025 5:59 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിൽ ഭീതി പരത്തുന്ന കൊലയാളി ആനയായ രാധാകൃഷ്ണനെ പിടികൂടാൻ ഉത്തരവിട്ടു. ചെന്നൈ പിസിസിഎഫ് രാകേഷ്കുമാർ കോഗ്രയാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീനിവാസൻ, ബൊമ്മൻ എന്നി രണ്ട് കുംകിയാനകളെ ഇവിടെ എത്തിച്ചിട്ടുണ്ട്.
മഞ്ചേശ്വരി പ്ലാന്റേഷൻ തേയില എസ്റ്റേറ്റിലെ ഗ്ലൻമൻസിലാണ് ഇപ്പോൾ കാട്ടുകൊന്പൻ തന്പടിച്ചിരിക്കുന്നത്. ഈ ആന പത്ത് വർഷത്തിനിടെ 13 മനുഷ്യരുടെ ജീവനുകളാണ് അപഹരിച്ചത്. 15 വീടുകൾ ആക്രമിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ ബാർവുഡ് സ്വദേശിയായ പി.പി. മെഹ്ബൂബ് എന്ന ഷംസുദ്ധീൻ (38) ആണ് കൊല്ലപ്പെട്ടത്.
കൂടെയുണ്ടായിരുന്ന എസ്റ്റേറ്റ് ഫീൽഡ് ഓഫീസർ ചെല്ലദുരൈക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊലയാളി കൊന്പനെ പിടികൂടാൻ കാലതാമസം നേരിട്ടതിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നു.