നെൽക്കൃഷിയുമായി ഹിൽ ബ്ലൂംസ് വിദ്യാർഥികൾ
1592129
Tuesday, September 16, 2025 8:00 AM IST
മാനന്തവാടി: ഒന്നര ഏക്കർ വയലിൽ നെൽക്കൃഷിയുമായി വിദ്യാർഥികൾ. ഹിൽ ബ്ലൂംസ് സ്ക്കൂളിന്റെ ഉടമസ്ഥയിലുള്ള സ്ഥലത്താണ് എല്ലാ വർഷവും കൃഷി ഇറക്കാനുള്ള പദ്ധതിക്ക് വിദ്യാർഥികൾ തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യമായാണ് സ്ക്കൂൾ നെൽകൃഷിയിലേക്കിറങ്ങുന്നത്. 200 ഓളം വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ഞാറ് നട്ട് കൃഷി ആരംഭിച്ചത്.
പാൽതൊണ്ടി വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. തിരുനെല്ലി അഗ്രോ പ്രൊഡ്യുസേഴ്സ് കന്പനിയിലെ രാജേഷ് കൃഷ്ണന്റെ നേതൃത്വത്തിലാണ് ആവശ്യമായ നെൽവിത്തുകൾ നൽകിയത്.
എടവക കൃഷി ഓഫീസർ കെ.ജി. സുനിൽ സാങ്കേതിക സഹായം നൽകി. സ്കൂളിലെ ഭക്ഷണ ശാലയിലേക്ക് ആവശ്യമായ അരിയും പച്ചക്കറികളും ലഭ്യമാക്കുന്നതിനൊപ്പം നെൽകൃഷി രീതികളെക്കുറിച്ച് അറിവ് പകർന്ന് നൽകുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാർഥികളായ ഹെയ്സൽ ഷമീറും നൻമ റോഷിൻ മാത്യുവും പറഞ്ഞു.
നെൽകൃഷി കഴിഞ്ഞുള്ള സീസണിൽ പച്ചക്കറി കൃഷി ചെയ്തും എല്ലാ വർഷവും കൃഷിയുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. അധ്യാപകരും വിദ്യാർഥികളും ചേർന്ന് പാട്ട് പാടി ഞാറ് നട്ടത് വേറിട്ട അനുഭവവുമായി. പ്രിൻസിപ്പൽ സീറ്റ ജോസ്, മാനേജർ ജോർജ് ജോസ്, ലൈഫ് സ്കിൽ കോഓർഡിനേറ്റർ വി.സി. മോഹനൻ എന്നിവർ നേതൃത്വം നൽകി.