മനുഷ്യജീവന്റെ മൂല്യത്തെ ഭരണകൂടങ്ങൾ അവഗണിക്കുന്നു: സാഗർ ധാര
1592132
Tuesday, September 16, 2025 8:00 AM IST
കൽപ്പറ്റ: മനുഷ്യജീവന്റെ മൂല്യത്തെ ഭരണകൂടങ്ങൾ അവഗണിക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകനും റിസ്ക് അനലിസ്റ്റുമായ സാഗർ ധാര.
ട്രാൻസിഷൻ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും സംയുക്തമായി രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതി പുഞ്ചിരിമട്ടം ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് പുസ്തകരൂപത്തിൽ തയാറാക്കിയ റിപ്പോർട്ടിന്റെ പ്രകാശനം ട്രിഡന്റ് ആർക്കേഡ് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവന്റെ മൂല്യം തിരിച്ചറിയുന്നതിൽ ഭരണകൂടങ്ങൾ വരുത്തുന്ന വീഴ്ചയാണ് പ്രകൃതി ദുരന്തങ്ങളിൽ കൂടിയ തോതിൽ ആൾനഷ്ടം ഉണ്ടാകുന്നതിന് ഇടയാക്കുന്നത്. പ്രകൃതി ദുരന്തങ്ങളിലും ഇതര അപകടങ്ങളിലും മനുഷ്യജീവൻ നഷ്ടമാകുന്പോൾ ഉയർന്ന നഷ്ടപരിഹാരം ആശ്രിതർക്ക് നൽകാൻ ഭരണകൂടത്തെ നിർബന്ധിതമാക്കുന്ന നിയമനിർമാണം ഉണ്ടാകണം. എങ്കിലേ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ, സുരക്ഷാസംവിധാനങ്ങൾ എന്നിവയിൽ വർധിച്ച ഉത്തരവാദിത്വത്തോടെ അധികാരകേന്ദ്രങ്ങൾ ഇടപെടൂവെന്ന് സാഗർ ധാര പറഞ്ഞു.
"തെന്നുന്ന ഭൂമി; ചിതറുന്ന ജീവിതങ്ങൾ’ എന്ന പേരിൽ തയാറാക്കിയ റിപ്പോർട്ടിന്റെ ആദ്യ കോപ്പി സാമൂഹിക വിമർശകനും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി. മാത്യു സ്വീകരിച്ചു. പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽനിന്നു പാഠം ഉൾക്കൊള്ളാൻ ഭരണാധികാരികൾ തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പശ്ചിമഘട്ടത്തിൽ തുരങ്കപാത പദ്ധതി പ്രാവർത്തികമാക്കാൻ ഭരണാധികാരികൾ മടിക്കുമെന്നായിരുന്നു പൊതുവെ വിലയിരുത്തൽ. എന്നാൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്.
പ്രകൃതിദുരന്തങ്ങളും വികസന മാതൃകകളും തമ്മിലുള്ള ബന്ധം മനസിലാക്കാൻ സാമാന്യബോധം മതിയാകും. ഭരണാധികാരികൾക്ക് സാമാന്യബോധം നഷ്ടമായെന്നും ജോസഫ് സി. മാത്യു പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ വർഗീസ് വട്ടേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കാലാവസ്ഥാശാസ്ത്രജ്ഞനും കുസാറ്റ് ഫാക്കൽട്ടിയുമായ ഡോ.എസ്. അഭിലാഷ്, ഹ്യൂം സെന്റർ ഡയറക്ടർ ഡോ.സി.കെ. വിഷ്ണുദാസ്, പദ്മശ്രീ ചെറുവയൽ രാമൻ, ബോട്ടണിസ്റ്റും ട്രാൻസിഷൻ സ്റ്റഡീസ് അംഗവുമായ ഡോ.സ്മിത പി. കുമാർ എന്നിവർ പ്രസംഗിച്ചു. ഡോ.കെ.ആർ. അജിതൻ റിപ്പോർട്ട് പരിചയപ്പെടുത്തി. എം.കെ. രാംദാസ്, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.