വള്ളിയൂർക്കാവ് പാലം: നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി
1592131
Tuesday, September 16, 2025 8:00 AM IST
മാനന്തവാടി: വള്ളിയൂർക്കാവ് പാലത്തിന്റെ നിർമാണ പുരോഗതി പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു വിലയിരുത്തി.
മാനന്തവാടി നഗരസഭയെയും എടവക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം 17 കോടി രൂപ ചെലവിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർമിക്കുന്നത്. ഡിസംബറോടെ പ്രവൃത്തി പൂർത്തിയാകും. 207 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉള്ളതാണ് പാലം. ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് പ്രവൃത്തി ചുമതല.
നിർമാണം പൂർത്തിയാകുന്പോൾ ജില്ലയിലെ ഏറ്റവും വലിയ പാലമായി ഇത് മാറും. കമ്മന നിവാസികൾക്ക് മാനന്തവാടി ടൗണിലേക്കുള്ള യാത്ര സുഗമമാക്കാൻ പാലം ഉതകും. മുനിസിപ്പൽ കൗണ്‍സിലർമാരായ കെ.സി. സുനിൽകുമാർ, വി.ആർ. പ്രവീജ്, അബ്ദുൾ ആസിഫ് എന്നിവർക്കൊപ്പമാണ് മന്ത്രി പാലം സന്ദർശിച്ചത്.