സംസ്ഥാനത്ത് ഒന്നാമതായി വടുവൻചാൽ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത്
1592239
Wednesday, September 17, 2025 5:59 AM IST
കൽപ്പറ്റ: കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായി നിർമിച്ച വടുവൻചാൽ ജിഎച്ച്എസ്എസിന്റെ "ഹരിതാരണ്യം’ പച്ചത്തുരുത്തിന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മികച്ച പച്ചത്തുരുത്തിനുള്ള ഒന്നാംസ്ഥാനം.
സംസ്ഥാനത്തെ മികച്ച മുളന്തുരുത്തുകളിൽ ഒന്നാമതെത്തിയത് വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ ചോലപ്പുറം മുളന്തുരുത്താണ്. ഇവയുൾപ്പടെ സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിതകേരളം മിഷൻ നൽകുന്ന അംഗീകാരങ്ങളിൽ സംസ്ഥാന തലത്തിൽ അഞ്ച് അംഗീകാരങ്ങൾ വയനാട് നേടി. തദ്ദേശസ്ഥാപന തലത്തിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ "ശാന്തിവനം’ പച്ചത്തുരുത്ത് അഞ്ചാം സ്ഥാനം നേടി.
പച്ചത്തുരുത്ത് ഒരുക്കിയ സ്ഥാപനങ്ങളിൽ എടവക ഗ്രാമപ്പഞ്ചായത്തിലെ നല്ലൂർനാട് കാൻസർ കെയർ സെന്ററിലെ "തൈതാൽ’ പച്ചത്തുരുത്ത് മൂന്നാം സ്ഥാനം നേടി. പച്ചത്തുരുത്ത് ഉണ്ടാക്കുന്നതിലും പരിപാലിക്കുന്നതിലും അന്പുകുത്തി ഗവ.എൽപി സ്കൂളിലെ പാർട്ട് ടൈം സ്വീപ്പർ കെ.സി. പീറ്ററിനെ ആദരിച്ചു.