കേരള വന്യജീവി സംരക്ഷണ ഭേദഗതി ബിൽ: വിമർശനവുമായി പ്രകൃതി സംരക്ഷണ സമിതി
1592230
Wednesday, September 17, 2025 5:59 AM IST
കൽപ്പറ്റ: മന്ത്രിസഭ അംഗീകാരം നൽകിയതും നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്നതുമായ കേരള വന്യജീവി സംരക്ഷണ(ഭേദഗതി)ബില്ലിലെ വ്യവസ്ഥകളെ നിശിതമായി വിമർശിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി.
ബിൽ അധാർമികവും ശാസ്ത്രീയ പഠനത്തിന്റെ പിൻബലമില്ലാത്തതും നിയമവിരുദ്ധവും പരിസ്ഥിതി പ്രവർത്തകരെയും ശാസ്ത്രസമൂഹത്തെയും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സമിതി വിലയിരുത്തി.
ശാസ്ത്രീയ പഠനം, പാരിസ്ഥിതിക സർവേ, വിശ്വസനീയമായ ഡാറ്റ എന്നിവ അടിസ്ഥാനമാക്കി തയാറാക്കിയതല്ല ബിൽ. അംഗീകൃത ജീവശാസ്ത്രജ്ഞരെയോ ഗവേഷണ സ്ഥാപനങ്ങളെയോ വനം-വന്യജീവി സംരക്ഷണ മേഖലയിലെ അംഗീകൃത എൻജിഒകളെയോ ബിൽ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സമീപിച്ചിട്ടില്ല.
വന്യജീവി മാനേജ്മെന്റിന് ദീർഘകാല, ശസ്ത്ര പിന്തുണയുള്ള തന്ത്രങ്ങൾ ആവശ്യമാണ്. ശാസ്ത്രീയ വൈദഗ്ധ്യം അവഗണിക്കുന്നതിലൂടെ മനുഷ്യ-വന്യജീവി സംഘർഷം കൂടുതൽ വഷളാക്കുന്ന നടപടികളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ബിൽ അവതരിപ്പിക്കുന്നതിനുമുന്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അഭിപ്രായം സർക്കാർ ആരായുകയുണ്ടായില്ല. 1972ലെ വന്യജീവി(സംരക്ഷണ)നിയമപ്രകാരം നിർബന്ധിത അധികാരമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡനുളളത്.
അദ്ദേഹത്തിന്റെ ഉപദേശവും അംഗീകാരവും ഇല്ലാതെ നിയമത്തിൽ ഗൗരവമുള്ള ഭേദഗതികൾ വരുത്തുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണഘടനയുടെ പ്രയോഗത്തിനും നേരേയുള്ള വെല്ലുവിളിയാണ്. മനുഷ്യനെ ആക്രമിച്ചതിന്റെയും കൃഷികൾ നശിപ്പിച്ചതിന്റെയും പേരിൽ ഏത് വന്യമൃഗത്തെയും ഉടൻ കൊല്ലാൻ അധികാരം നൽകുന്ന ബിൽ വ്യവസ്ഥ തെറ്റായ തിരിച്ചറിയലിന്റെ സാധ്യത അവഗണിക്കുന്നതും വംശനാശഭീഷണി നേരിടുന്ന ജീവികളെ വിവേചനരഹിതമായി കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്നതുമാണ്.
വന്യജീവി നിയമത്തിലെയും നാഷണൽ ടൈഗർ കണ്സർവേഷൻ അഥോറിറ്റി മാർഗനിർദേശങ്ങളിലെയും നിലവിലുള്ള സുരക്ഷാ മുൻകരുതലുകൾ മറികടക്കുന്നതാണ് ബില്ലിലെ നിർദേശങ്ങൾ. മനുഷ്യസുരക്ഷയും സംരക്ഷണ കടമകളും സന്തുലിതമാണെന്ന് ഉറപ്പാക്കുന്നതിനു നിലവിലുള്ള മുൻകരുതലുകളെ തടസങ്ങളായി ചിത്രീകരിച്ച് സർക്കാർ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ഭയം സൃഷ്ടിക്കുകയും ചെയ്യുകയാണ്. ജീവിവർഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരങ്ങൾ കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കൈമാറാൻ ശ്രമിക്കുന്നതാണ് ബിൽ.
മനുഷ്യ-വന്യജീവി സംഘർഷം പ്രധാനമായും ആവാസവ്യവസ്ഥയുടെ നാശം, ഖനനം, വന നശീകരണം, അനിയന്ത്രിതമായ ഭൂവിനിയോഗം എന്നിവയിൽനിന്നു ഉണ്ടാകുന്നതാണെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം ബിൽ വന്യജീവികളുടെ മേൽ കുറ്റം ചുമത്തുകയും ഭൂമി, വന ഭരണത്തിലെ പരാജയങ്ങൾ മറയ്ക്കാൻ ജൈവ വൈവിധ്യത്തെ ബലിയർപ്പിക്കുകയുമാണ് ചെയ്യുന്നത്.
വന്യജീവിയെ കൊല്ലുന്നതോ മയക്കുവെടി വയ്ക്കുന്നതോ സംബന്ധിച്ച തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡനു മാത്രം അധികാരപ്പെട്ടതാണ് കോടതി വിധി വ്യക്തമാക്കിയിട്ടുണ്ട്. വന്യജീവികളെ വെടിവയ്ക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരമില്ല. ഇതിന് വിരുദ്ധമായ ഭേദഗതി സർക്കാർ കൊണ്ടുവരുന്നത് കോടതിവിധിയെ മറികടക്കുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ജനം ഒറ്റക്കെട്ടായി തെറ്റായ നിയമ നിർമാണത്തെ എതിർക്കണമെന്നു ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, തോമസ് അന്പലവയൽ, എ.വി. മനോജ് , ബാബു മൈലന്പാടി, സണ്ണി മരക്കടവ്, പി.എം. സുരേഷ്, ഒ.ജെ. മാത്യു, സി.എസ്. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.