ആറുവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 24 വര്‍ഷം കഠിനതടവ്
1226501
Saturday, October 1, 2022 12:43 AM IST
കാസര്‍ഗോഡ്: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെ 24 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 48 കാരനാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ് എ. മനോജ് വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.
2016 ഏപ്രില്‍ മാസത്തിലാണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി പീഡനത്തിനിരയായത്. മഞ്ചേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കുമ്പള ഇന്‍സ്പെക്ടറായിരുന്ന വി.വി മനോജാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.