കാസര്‍ഗോഡ്:ജില്ലയില്‍ റീസര്‍വേയില്‍ ഉള്‍പ്പെടാതെ പോയ തീരദേശമേഖലയിലെ പ്രദേശങ്ങളില്‍ മൂന്നു മാസത്തിനകം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്പെഷല്‍ ഡ്രൈവ് നടത്തി സര്‍വേ പൂര്‍ത്തീകരിക്കാന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കാസര്‍ഗോഡ് നിയോജകമണ്ഡല തീരസദസില്‍ തീരുമാനമായി. ബീരന്ത്ബയലില്‍ സ്ഥാപിച്ചിട്ടുള്ള 105 സുനാമി വീടുകളില്‍ 86 വീടുകളില്‍ മാത്രമാണ് താമസമുള്ളതെന്നും വാസയോഗ്യമല്ലാത്തതിനാല്‍ ആളുകള്‍ വിട്ടുപോവുകയാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടർ, തീരദേശ വികസന കോര്പറേഷന് പ്രതിനിധികൾ, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ നേരിട്ട് വീടുകള്‍ സന്ദര്‍ശിക്കാനും വീടുകളുടെ അഴുക്കുചാല്‍ സംവിധാനം, ശുചിത്വം, മറ്റു അടിസ്ഥാന കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും റസ്ക്യൂ ബോട്ടുകളും പരിശീലനം ലഭിച്ച അഞ്ചു പേരടങ്ങുന്ന റസ്ക്യൂ ഫോഴ്സിനെയും നിയോഗിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കും.