കുമ്പനാട് നാഷണൽ ക്ലബിൽ വീണ്ടും റെയ്ഡ്, ഒന്പതു പേർ പിടിയിൽ
1243433
Sunday, November 27, 2022 2:30 AM IST
കുന്പനാട്: പണം വച്ചുള്ള ചീട്ടുകളിയിലേർപ്പെട്ട ഒന്പതപേരെ കുന്പനാട് നാഷണൽ ക്ലബിൽ നടന്ന റെയ്ഡിൽ പോലീസ് സംഘം പിടികൂടി. 31,800 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെത്തുടർന്ന് കോയിപ്രം പോലീസുമായി ചേർന്നാണ് നടപടി.
ഇന്നലെ വൈകുന്നേരം 4.30നാണ് പോലീസ് റെയ്ഡ് നടത്തിയത്. അടൂർ ഏനാദിമംഗലം ഇളമണ്ണൂർ നിഷാഭവനിൽ രഘുനാഥ് (58), റാന്നി പഴവങ്ങാടി കരികുളം ചെല്ലക്കാട് ജയനിവാസിൽ ജയദേവൻ പിള്ള(42), മണിമല കരിമ്പന്മാക്കൽ മനോജ് ജോർജ് (55), കോയിപ്രം പുല്ലാട് അഴകേടത്ത് സനിൽ കുമാർ (52), ഇടുക്കി കുമളി അട്ടപ്പള്ളം ഈട്ടിവിളയിൽ സജൻ (39), കൊടുമൺ അങ്ങാടിക്കൽ തെക്ക് ശ്രീഹരിഭവനം ഹരികൃഷ്ണൻ (40), മലയാലപ്പുഴ തുറുന്തയിൽ രാജേഷ് (46), കോട്ടയം ചെറുവള്ളി തെള്ളിയിൽ സിബി ആന്റണി (55), തിരുവനന്തപുരം ആറ്റിങ്ങൽ കടക്കാട് കൊച്ചുപള്ളിക്കു സമീപം ഞാറത്ത് പറമ്പിൽ അനന്തു (28) എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എസ്ഐമാരായ മധു, പ്രകാശ്, ഡാൻസാഫ് എസ്ഐ അജി സാമുവൽ, കോയിപ്രം എഎസ്ഐ ഷിറാസ് തുടങ്ങിയവരും പങ്കെടുത്തു.
കഴിഞ്ഞ ജൂലൈ 16ന് ക്ലബിൽ പണം വച്ച് ചീട്ടുകളിച്ചതിന് പോലീസ് 11പേരെ പിടികൂടുകയും, 10,13,510 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അന്ന് അറസ്റ്റിലായ പ്രതികളിൽ രഘുനാഥ്, സിബി ആന്റണി എന്നിവർ ഇന്നലെ പിടികൂടിയ ചീട്ടുകളിസംഘത്തിലുമുണ്ടായിരുന്നു.