ബജറ്റ് വ്യാപാരമേഖലയ്ക്കു ഗുണകരമല്ല: മർച്ചന്റ്സ് അസോസിയേഷൻ
1264841
Saturday, February 4, 2023 10:40 PM IST
തിരുവല്ല: സംസ്ഥാന ബജറ്റിൽ വ്യാപാര സമൂഹത്തിന് ഏറെ ദോഷകരമാണെന്ന് തിരുവല്ല മർച്ചന്റ്സ് അസോസിയേക്ഷൻ. വ്യാപാരികളെ സഹായിക്കുന്ന യാതൊരു നിർദേശങ്ങളും ഉൾക്കൊള്ളിച്ചിട്ടില്ല, എന്നാൽ ഏറെ ബുദ്ധിമുട്ടുകളും പ്രതിസന്ധിയും ഉണ്ടാക്കുന്ന നിലപാടുകളാണ് ധനമന്ത്രി ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രളയവും കോവിഡും മൂലം തകർന്നടിഞ്ഞ വ്യാപാരികൾക്കു ഗുണകരമായ യാതൊരു പരിഗണയും നൽകിയിട്ടില്ല. വാറ്റ് നികുതി, ഫ്ലഡ് സെസ്എന്നിവയിലെ കുടിശികകൾക്ക് സാവകാശം പ്രഖ്യാപിക്കാത്തത് ചെറുകിട ഇടത്തരം വ്യാപാരികളെ ദോഷകരമായി ബാധിക്കും. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സർചാർജ് ചുമത്തുന്നതിലൂടെ ട്രാൻസ്പോർട്ടിംഗ് ചാർജ് വർധിക്കുകയും തന്മൂലം നിത്യോപയോഗ വസ്തുക്കളടക്കം എല്ലാ സാധനങ്ങളുടെയും വിലവർധനയ്ക്കും കടുത്ത വ്യാപാര മാന്ദ്യത്തിനും ഇടയാക്കും. വൈദ്യുതി ചാർജ്, കെട്ടിടനികുതി, രജിസ്ട്രേഷൻ ഫീസ്, ലൈസൻസ് ഫീസുകൾ എന്നിവയുടെ വർധനയിലൂടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വാണിജ്യ വ്യവസായ മേഖലയ്ക്ക് വീണ്ടും അധികഭാരം ഏല്പിച്ചിരിക്കുകയാണെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എം. സലീം അധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ. വർക്കി, മാത്യൂസ് കെ. ജേക്കബ്, സജി എം. മാത്യു, ഷിബു പുതുക്കേരിൽ, ജോൺസൺ തോമസ്, ആർ. ജനാർദനൻ, വി.കെ. ഫ്രാൻസിസ്, പി.എസ്. നിസാമുദീൻ, ബിനു ഏബ്രഹാം, രഞ്ജിത്ത് ഏബ്രഹാം, ജി. ശ്രീകാന്ത്, ശ്രീനിവാസ് പുറയാറ്റ്, ജയ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.