പട്ടാപകല്‍ നഗരത്തില്‍ വിദ്യാര്‍ഥി സംഘങ്ങളുടെ ഗുണ്ടാവിളയാട്ടം
1279691
Tuesday, March 21, 2023 10:46 PM IST
പത്തനംതിട്ട: നഗരത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുമ്പില്‍ വിദ്യാര്‍ഥി സംഘങ്ങളുടെ ഗുണ്ടാവിളയാട്ടം. സോഡാ കുപ്പി കൊണ്ട് അടിയേറ്റ് ഒരാളുടെ തലയ്ക്കു പരിക്ക്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് ഗുണ്ടകള്‍ അഴിഞ്ഞാടിയത്. പതിനേഴ് വയസില്‍ താഴെയുള്ളവരും നഗരത്തിലെ സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി പഠനം നടത്തുന്നവരുമാണ് സംഘത്തിലുള്ളവരിലേറെയും. തലയ്ക്കു പരിക്കേറ്റ പ്രമാടം സ്വദേശിയായ പതിനേഴുകാരനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ നേരത്തെയും നഗരത്തില്‍ സംഘര്ഷമുണ്ടാക്കിയിട്ടുണ്ടെന്നും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കു വിധേയനാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ലഹരിക്കടിമപ്പെട്ടു സംഘര്‍ഷമുണ്ടാക്കുന്നതിന്റെ പേരിലാണ് പോലീസ് ചികിത്സയ്ക്ക് അയച്ചിരുന്നത്. സംഘര്‍ഷത്തില്‍ പങ്കെടുത്ത നാലുപേരെ പത്തനംതിട്ട പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വടശേരിക്കര, സീതത്തോട്, പ്രമാടം ഭാഗങ്ങളിലുള്ളവരാണിവര്.
പെണ്‍കുട്ടികളുമായുള്ള സൗഹൃദങ്ങളുടെ പേരിലുണ്ടായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
നേരത്തെ, പത്തനംതിട്ട നഗരത്തിലും സമീപ പ്രദേശങ്ങളിലുമുളള സ്കൂളില്‍ പഠിച്ചവരാണ് സംഘര്‍ഷമുണ്ടാക്കിയത്. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. വൈകുന്നേരം സ്കൂള്‍ വിട്ടു വന്നശേഷമാണ് പോര്‍വിളികളും സംഘര്‍ഷവും ഏറെയുണ്ടാകുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ സംഘര്‍ഷം. പരീക്ഷാ ദിവസമായ ഇന്നലെ സ്കൂള്‍ വിട്ടുവന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സംഘമാണ് പോര്‍വിളി മുഴക്കി രംഗത്തെത്തിയത്.
കസ്റ്റഡിയിലായ പരിക്കേറ്റ യുവാവില്‍ നിന്നു ചുറ്റികയും ബ്ലേഡും പോലീസ് പിടിച്ചെടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികാണ്.
ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളി നടത്തിയശേഷമാണ് കുട്ടികള്‍ ഗുണ്ടാവിളയാട്ടത്തിനെത്തിയതെന്നു പറയുന്നു. ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു നിരന്തരം ശല്യമുണ്ടാക്കുന്നവരില്പെട്ടവരാണ് ഇവരെന്നു വ്യാപാരികളും പറയുന്നു.