കാട്ടുകൊന്പൻമാർ കാടിറങ്ങുന്നതു തടയും; സൗരോർജവേലി സ്ഥാപിക്കാൻ തീരുമാനം
1460658
Saturday, October 12, 2024 2:17 AM IST
ചിറ്റാർ: കാടുവിട്ട് നാട്ടിലെ ജനവാസ കേന്ദ്രത്തിൽ നിത്യസാന്നിധ്യമായി മാറിയ കാട്ടുകൊമ്പൻമാരെ തടയാൻ അടിയന്തിരമായി സൗരോർജ്ജവേലി സ്ഥാപിക്കും. ചിറ്റാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്നലെ കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ റവന്യു, വനം, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തിരുമാനമുണ്ടായത്. ഇതിനായി എംഎൽഎ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ അനുവദിക്കും.
വന സംരക്ഷണ സമിതിയുടെ രണ്ട് പ്രവർത്തകരെ ശമ്പളം നൽകി വേലിയിൽ പടലുകളും കളകളും കയറി തകരാർ സംഭവിക്കാതിരിക്കാൻ നിയോഗിക്കും. ആനകളുടെ വരവ് നിരീക്ഷിക്കാൻ റാന്നി ഡിഎഫ്ഒ നേതൃത്വം നല്കുന്ന മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കാനും ഭാവിയിൽ ചിറ്റാർ സീതത്തോട് പഞ്ചായത്തുകളുടെ വനാതിർത്തിയിൽ സൗരോർജവേലിയോ കിടങ്ങോ എടുത്ത് കൂടുതൽ പ്രദേശം സംരക്ഷിക്കുന്ന പദ്ധതി നടപ്പാക്കാനും തീരുമാനിച്ചതായി ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
ചിറ്റാർ ഊരാംപാറ പ്രദേശത്തെ ജനവാസ മേഖലയിലാണ് രണ്ടു കാട്ടുകൊമ്പൻമാർ സ്ഥിരമായി ഇറങ്ങുന്നത്. അള്ളുങ്കൽ വനമേഖലയിൽനിന്ന് കക്കാട്ടാറ് നീന്തി മറുകര കടക്കുന്ന ആനകൾ ഊരാംപാറ ഭാഗത്തുകൂടി കടന്നുപോകുന്ന പൊതുമരാമത്ത് റോഡ് മുറിച്ചാണ് തൊട്ടടുത്ത റബർ തോട്ടത്തിലേക്ക് കടക്കുന്നത്.
വിളവെടുപ്പ് കഴിഞ്ഞ് ഉപേക്ഷിച്ച കൈതകളും വാഴക്കൃഷിയും ഈ മേഖലയിലുണ്ട്. അത് ലക്ഷ്യം വച്ചാണ് ആനകൾ ഇവിടെ നിത്യവും കടന്നുവരുന്നത്. രാത്രിയിൽ കൃഷിഭൂമിയിൽ തങ്ങുന്ന ആനകൾ നേരം പുലർന്നശേഷം ചിറ്റാർ - സീതത്തോട് പ്രധാന പാത മുറിച്ചു കടന്നാണ് മടങ്ങുന്നത്.
ഇതു പതിവായതോടെ പ്രധാന പാതയിലെ സഞ്ചാരികൾക്കും ഭീഷണിയായി. ഊരാം പാറ ഭാഗതത്തെ റബർ തോട്ടങ്ങളിൽ കള എടുപ്പിക്കാത്ത സാഹചര്യവുമുണ്ട്. ഇതിനായി തോട്ടം ഉടമകളെ അടിയന്തിരമായി വിളിക്കാനും കളകൾ നീക്കം ചെയ്യാനും യോഗം ജില്ലാകളക്ടറെ ചുമതലപ്പെടുത്തി.
ആനകളുടെ സാന്നിധ്യമുളള മേഖല എന്ന് രേഖപ്പെടുത്തി സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഊരാംപാറ ഭാഗത്ത് വനപാലകർ സ്ഥാപിച്ച ബോർഡ് പുനഃസ്ഥാപിക്കാൻ യോഗം വനംവകുപ്പ് ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ബോർഡ് ഇന്നലെ നടന്ന കോൺഗ്രസ് സമരത്തിനിടെ ആന്റോ ആന്റണി എംപി ഇളക്കി മാറ്റിയിരുന്നു.
യോഗത്തിനു ശേഷം എംഎൽഎയും ജില്ലാ കളക്ടറും ഡിഎഫ്ഒയും ജനപ്രതിനിധികളുമടങ്ങിയ സംഘം ഊരാംപാറയിൽ ആന ഇറങ്ങുന്ന സ്ഥലം സന്ദർശിച്ചാണ് മടങ്ങിയത്.