വീസ തട്ടിപ്പ്: ഉദ്യോഗാർഥികളുടെ കൂട്ടപ്പരാതി
1546667
Wednesday, April 30, 2025 3:31 AM IST
പത്തനംതിട്ട: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു വീസ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ഉദ്യോഗാർഥികൾ. റാന്നി ഹോളി ലാൻഡ് കൺസൾട്ടൻസി ഉടമ ജോമോൻ ടി. ജോണിനെതിരേയാണ് പരാതി. ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
ഇസ്രായേൽ, ഇറ്റലി തുടങ്ങി വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന് പരാതി നൽകിയത്.
റാന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹോളി ലാൻഡ് കൺസൾട്ടൻസി റിക്രൂട്ട്മെന്റ് ഏജൻസി ഉടമ ജോമോൻ ടി. ജോൺ 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. വ്യാജ നിയമന കത്തും വ്യാജ വീസയും നൽകിയാണ് ഇയാൾ കബളിപ്പിച്ചതെന്നു പരാതിയിൽ പറയുന്നു.
മുമ്പ് പരാതി നൽകിയ പന്ത്രണ്ട് പേരിൽ പത്തുപേരടങ്ങിയ സംഘം എസ്പി ഓഫീസിൽ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്.
എസ്പി ഓഫീസിൽ നൽകിയ പരാതി റാന്നി ഡിവൈഎസ്പിക്ക് കൈമാറി. 50,000 മുതൽ 15 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരുണ്ട്. പണം തിരികെ നൽകാമെന്ന് പറഞ്ഞ് പലർക്കും ചെക്ക് നൽകിയും കബളിപ്പിച്ചിട്ടുണ്ട്. തട്ടിപ്പ് കേസിൽ ഇയാൾ മുമ്പ് അറസ്റ്റിലായെങ്കിലും റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങി. ജോമോൻ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് പരാതിക്കാർ. ഇതിൽ കോട്ടയം സ്വദേശിയായ റാണിയിൽനിന്ന് 15 ലക്ഷവും എറണാകുളം സ്വദേശി ഷൈനിയുടെയും ഭർത്താവ് പ്രിൻസിന്റെയും 12 ലക്ഷം രൂപയും ജോമോൻ വാങ്ങിയിട്ടുണ്ട്. മറ്റുള്ളവരിൽ നിന്ന് ഒന്നു-രണ്ടു ലക്ഷം രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്.