നബാർഡ് പിന്തുണയിൽ ചിറ്റാർ ബസ് സ്റ്റാൻഡും മാർക്കറ്റും നവീകരിക്കും
1546674
Wednesday, April 30, 2025 3:40 AM IST
ചിറ്റാർ: ചിറ്റാർ മാർക്കറ്റും ബസ് സ്റ്റാൻഡും നവീകരിക്കുന്നതിനുള്ള പദ്ധതി തയാറാക്കി നബാർഡിനു സമർപ്പിക്കാൻ ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. സ്ഥല പരിമിതിമൂലം വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡും പൊതു മാർക്കറ്റുകളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടി നിർമാണം നടത്തുന്നതിനാണ് തീരുമാനം.
നബാർഡിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി ഏറ്റെടുക്കുകയാണ് ലക്ഷ്യം. പദ്ധതി തയാറാക്കി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥരോടു ഗ്രാമപഞ്ചായത്ത് കമ്മിറ്റി നിർദേശിച്ചു.
നബാർഡ് പുതുതായി നടപ്പിലാക്കുന്ന ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ (റിയാസ്) ഉൾപ്പെടുത്തിയാണ് പദ്ധതി. പ്രൊപ്പോസലുകൾ തയാറാക്കി സമർപ്പിക്കുന്നതിന് ജോയിന്റ് ഡയറക്ടറർ തദ്ദേശസ്വയം ഭരണവകുപ്പ് മുഖേനയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി സമർപ്പിക്കാൻ തീരുമാനിച്ചത്.
2025-26 വർഷത്തെ പഞ്ചായത്ത് ബജറ്റിൽ ഇതു സംബന്ധിച്ച നിർദേശം അംഗീകരിക്കുകയും പ്രാഥമികമായി ഫണ്ട് നീക്കിവയ്ക്കുകയും ചെയ്തു.
ടൗണിന്റെ മുഖച്ഛായ മാറും
വിവിധ സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, ധനകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ചിറ്റാർ മാർക്കറ്റ് ജംഗ്ഷനു സമീപത്തുതന്നെയാണ് പ്രവർത്തിച്ചു വരുന്നത്. കെഎസ്ആര്ടിസി ഉൾപ്പെടെ 50ൽപരം ബസുകൾ ചിറ്റാർ ബസ് സ്റ്റാൻഡിൽ ദിവസേന വന്നുപോകുന്നുണ്ട്. ടൂറിസ്റ്റുകേന്ദ്രങ്ങളായ ഗവി, തണ്ണിത്തോട് അടവി, തീർഥാടന കേന്ദ്രമായ ശബരിമല എന്നിവിടങ്ങളിലേക്കുളള സ്വാഗത കവാടം കൂടിയാണ് ചിറ്റാർ.
വലിയ ജനപങ്കാളിത്തമുള്ള സാംസ്കാരിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾക്ക് ചിറ്റാർ മാർക്കറ്റിനോടു ചേർന്ന ബസ് സ്റ്റാൻഡിലാണ് സമ്മേളന വേദിയൊരുക്കുന്നത്. ഇവയ്ക്കെല്ലാം സൗകര്യം കൂടി നൽകിക്കൊണ്ടാകണം ബസ് സ്റ്റാൻഡ് വികസനമെന്ന നിർദേശമാണ് ഉയർന്നിരിക്കുന്നത്.
ബസ് സ്റ്റാൻഡിനൊപ്പം സമീപത്തു തന്നെയുള്ള മാർക്കറ്റിന്റെ ആധുനികവത്കരണവും യാഥാർഥ്യമാക്കാനാണ് ആലോചന. മലയോര കർഷകർക്ക് വിള ഉത്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതിനും സമീപ പഞ്ചായത്തുകളിൽനിന്നും പൊതുജനങ്ങൾ ചിറ്റാർ മാർക്കറ്റിൽ വന്നു പോകുന്നതിനും കൂടുതൽ സൗകര്യമുണ്ടാകും. ബസ് സ്റ്റാൻഡിലെ സ്ഥലപരിമിതിക്കും പരിഹാരമുണ്ടാക്കും.
ചിറ്റാറിനെ ഒരു മാതൃകാ ടൗണാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ പറഞ്ഞു.