പെരുന്നാൾ
1546675
Wednesday, April 30, 2025 3:40 AM IST
ആമക്കുന്ന് പള്ളിയിൽ
പത്തനംതിട്ട: കോന്നി ആമക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രധാന പെരുന്നാൾ ആറ്, ഏഴ് തീയതികളിൽനടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കോന്നി താഴം ക്രിസ്ത്യൻ കൺവൻഷനും പെരുന്നാളിനോടനുബന്ധിച്ച് നടക്കും.
മൂന്നിനു വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തെത്തുടർന്ന് തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ പാരിഷ് മിഷൻ പ്രവർത്തനം ഉദ്ഘാടനം ചെയ്യും.
തുടർന്ന് വചനശുശ്രൂഷയ്ക്ക് ഫാ. ജോബ് സാം മാത്യു നേതൃത്വം നൽകും. നാലിനു രാവിലെ 7.45ന് കുർബാന. 10ന് സൺഡേസ്കൂൾ കുട്ടികളുടെ സംഗമം. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തെത്തുടർന്ന് വചനശുശ്രൂഷ. അഞ്ചിനു രാവിലെ കുർബാന, തുടർന്ന് 9.30ന് സഭാകവി സി.പി. ചാണ്ടി അനുസ്മരണം.
വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, വചനശ്രുശ്രുഷ. ആറിനു രാവിലെ കുർബാന, ഒന്പതിന് ചെമ്പിൽ അരിയിടീൽ കർമം, ചെമ്പെടുപ്പ് പ്രദക്ഷിണം. 5.30ന് യുകെ, യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സ്തേഫാനോസിനു സ്വീകരണം.
രാത്രി ഏഴിന് പെരുന്നാൾ പ്രദക്ഷിണം. ഏഴിനു രാവിലെ എട്ടിന് കുർബാന, 10ന് പള്ളിപ്പടി കുരിശടിയിലേക്കുള്ള പ്രദക്ഷിണം, ശ്ലീഹാ വാഴ്വ്, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടു കൂടി പെരുന്നാൾ സമാപിക്കും.
വികാരി ഫാ. സിനോയ് ടി. തോമസ്, ട്രസ്റ്റി ടി.വി. തോമസ് തുണ്ടിൽ, സെക്രട്ടറി ജയിംസ് ജോർജ് പനച്ചത്തറയിൽ, ജനറൽ കൺവീനർ കെ.ജി. മാത്യു പറപ്പള്ളിൽ, പബ്ലിസിറ്റി കൺവീനർ പി.ഒ. ഫിലിപ്പ് പൂവണ്ണുനിൽക്കുന്നതിൽ, അലൻ ഒമ്നി ഈപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കല്ലുങ്കൽ പള്ളിയിൽ
തിരുവല്ല: കല്ലുങ്കൽ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയുമായി കൊണ്ടാടും. ഇന്നു വൈകുന്നേരം 6.30ന് പെരുന്നാൾ റാസ കല്ലുങ്കൽ സെന്റ് ജോർജ് നഗറിൽനിന്നു പള്ളിയിലേക്ക്. ഫാ. മാത്യു പുത്തൻപുരയിൽ തിരുനാൾ സന്ദേശം നൽകും. നാളെ രാവിലെ എട്ടിന് ഫാ. വർഗീസ് ഈരേച്ചേരിയുടെ പ്രധാന കാർമികത്വത്തിൽ കുർബാന.
ഞക്കുകാവ് പള്ളിയിൽ
ളാക്കൂർ: ഞക്കുകാവ് സെന്റ് ജോർജ് കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. മേയ് നാലുവരെയാണ് തിരുനാൾ. ഇന്നു വൈകുന്നേരം 6.15ന് ഭക്തസംഘടനാ വാർഷികം, നാളെ വൈകുന്നേരം അഞ്ചിന് ഫാ. ഡോ. സിജോ ജയിംസ് ചരിവുപറന്പിൽ വചനസന്ദേശം നൽകും.
രണ്ടിനു വൈകുന്നേരം ഫാ. ഡോ. വർഗീസ് നടുതല പ്രസംഗിക്കും. മൂന്നിനു രാവിലെ 6.30ന് കുർബാന, എട്ടിന് ചെന്പ് പ്രതിഷ്ഠ, 6.45ന് തിരുനാൾ റാസ. നാലിനു രാവിലെ ഒന്പതിന് തിരുനാൾ കുർബാനയ്ക്ക് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം കാർമികത്വം വഹിക്കും. തുടർന്ന് നേർച്ചവിളന്പ്, കൊടിയിറക്ക്.