തിരുവല്ല അതിഭദ്രാസന ദിനാചരണവും മെത്രാപ്പോലീത്തയുടെ നാമഹേതുക തിരുനാളും
1547133
Thursday, May 1, 2025 3:35 AM IST
തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസന ദിനവും അതിഭദ്രാസനാധ്യക്ഷന്റെ നാമഹേതുക തിരുനാളും ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക ശതാബ്ദിയും നാളെ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും.
രാവിലെ 6.30ന് ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിലും അതിരൂപതയിലെ വൈദികരുടെ സഹ കാർമികത്വത്തിലും സമൂഹ ബലി. തുടർന്ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ മേഖലകളിൽ അംഗീകാരം നേടിയവർക്ക് ആദരവ് നൽകുന്നതാണ്.
അൽവീന മരിയ, റോബിൻ റോയി, ലെനി പാക്കാനിക്കുഴി എന്നിവർ ആദരം ഏറ്റുവാങ്ങും. ഇവാനിയൻ ഭവന നിർമാണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് നിർവഹിക്കും. ഇവാനിയൻ ഭവന നിർമാണ പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഒരു വർഷം കൊണ്ട് 126 വീടുകൾ അതി ഭദ്രാസനത്തിന്റെ വിവിധ വൈദിക മേഖലകളിലായി നിർമിച്ചു.
തിരുവല്ല അതിരൂപതയുടെ പ്രസ്ബറ്റിറൽ കൗൺസിലിന്റെ ഉദ്ഘാടനവും യോഗത്തിൽ നടക്കും. സമ്മേളനത്തിനു ശേഷം തിരുവല്ല അതിരൂപത പ്രീസ്റ്റ്സ് വെൽഫയർ അസോസിയേഷന്റെ സമ്മേളനം തിരുവല്ല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ചേരും.
അതിരൂപത മുഖ്യ വികാരി ജനറാൾ റവ. ഡോ. ഐസക് പറപ്പള്ളിൽ, ഫാ. വർഗീസ് മരുതൂർ, ഫാ. ജോസ് മണ്ണൂർ കിഴക്കേതിൽ, ഫാ. മാത്യു പുനക്കുളം, ഡോ. വർഗീസ് ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകും.