അരമനപ്പടിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
1547150
Thursday, May 1, 2025 3:55 AM IST
അടൂർ: എംസി റോഡിൽ അരമനപ്പടിയിൽ പിക്കപ്പ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ടെമ്പോ ഡ്രൈവർ കട്ടപ്പന പുല്ലാന്തിനാൽ തോമസ് (57), കണ്ണൂർ ഒറ്റപ്ലാക്കൽ അരവിന്ദ് (38), ഭാര്യ കൊട്ടാരക്കര മഹിത മന്ദിരത്തിൽ മഹിമ (26) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടൂരിൽനിന്നും പന്തളം ഭാഗത്തേക്ക് പോയ പിക്കപ്പ് വാനും പന്തളത്തുനിന്നും അടൂർ ഭാഗത്തേക്ക് പോയ മിനി ടെമ്പോയുമാണ് അപകടത്തിൽപ്പെട്ടത്.
സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം 45 മിനിറ്റോളം പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ട വാഹനങ്ങളിൽനിന്ന് ആളുകളെ പുറത്തെടുത്തത്. എംസി റോഡിൽ അരമനപ്പടി ഭാഗത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.