വാർധക്യം മറന്ന് പടയണിയും കഥകളിയിലും മുരളീധരൻ പിള്ളയുടെ നടനഭാവം
1546669
Wednesday, April 30, 2025 3:31 AM IST
പത്തനംതിട്ട: സപ്തതി പടിവാതിൽക്കലെത്തിയപ്പോൾ മനസിൽ ഉദിച്ച മോഹമായിരുന്നു പടയണി അഭ്യസനം. അതു പരിശീലിച്ചെടുത്ത് കളത്തിലിറങ്ങിയതിനു പിന്നാലെ കഥകളി പഠിക്കാനും തീരുമാനിച്ചു. ഇന്നിപ്പോൾ ടി.ജി. മുരളീധരൻപിള്ള ഇരുകലകളിലും നിറഞ്ഞാടുകയാണ്.
പുലവൃത്തവും കോലംതുള്ളലും കഴിഞ്ഞ ആലസ്യത്തിൽ ഒന്നു മയങ്ങി ഉണർന്നപ്പോഴാണ് കഥകളി കൂടി പഠിച്ചാലോ എന്ന ചിന്ത എഴുപത്തിരണ്ടാം വയസിൽ മനസിൽ കയറിയത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ തന്നെ അഭ്യാസം തുടങ്ങി. 74-ാം വയസിൽ കഴിഞ്ഞ എട്ടിന് ക്ഷേത്ര സന്നിധിയിൽ തന്നെ അരങ്ങേറ്റം നടത്തി. വള്ളിക്കോട് ഗ്രാമത്തിലെ അറിയപ്പെടുന്ന പടയണി, കഥകളി കലാകാരനാണ് സൗമ്യാ ഭവനിൽ ടി.ജി. മുരളീധരൻപിള്ള ഇന്നിപ്പോൾ.
കഥകളി അരങ്ങേറ്റ ദിനത്തിൽ തൃക്കോവിൽ ക്ഷേത്രനടയിൽ മേളപ്പദം എരിഞ്ഞുയർന്നപ്പോൾ പുറപ്പാടിനായി മനസിനെ പാകപ്പെടുത്താനുള്ള ശ്രമം നടത്തി നോക്കി. ഈശ്വരാനുഗ്രഹത്താൽ എല്ലാം ശുഭമായി. തുടർന്ന് സീതാ സ്വയംവരം കഥകളി അരങ്ങേറി. ദശരഥനായി മുരളീധരൻ പിള്ള അരങ്ങിലെത്തി. സാക്ഷ്യം വഹിക്കാൻ വടക്കേ ഇന്ത്യക്കാരായ സുഹൃത്തുക്കളും എത്തിയിരുന്നു.
46 വർഷം നീണ്ട പ്രവാസ ജീവിതത്തിനിടയിലും കരളിലെ കളിത്തട്ടിൽ അറുപത് തിരിയുടെ ശോഭയോടെ കഥകളി മോഹം ജ്വലിച്ചു നിന്നിരുന്നതായി മുരളീധരൻ പിള്ള പറയുന്നു. പടയണി പഠിക്കണമെന്നായിരുന്നു ആദ്യ മോഹം. മാതൃഗൃഹം പടയണി ഗ്രാമമായ കടമ്മനിട്ടയിലാണ്. കുട്ടിക്കാലം മുതൽ പടയണിയുടെ ചുവടുകൾ കണ്ടുവളർന്നതാണ്.
വലിയ പടയണിയിൽ ഭൈരവി നിറഞ്ഞാടുന്നതു കാണുമ്പോൾ മനസിൽ രൗദ്ര ഭാവം ഉണരും. എല്ലാ വർഷവും മുടങ്ങാതെ കടമ്മനിട്ട ദേവീക്ഷേത്രത്തിൽ പടയണി കാണാൻ എത്തുമായിരുന്നു. 19-ാം വയസിൽ കേരളം വിട്ട് വടക്കേ ഇന്ത്യയിലേക്ക് യാത്രയായതാണ്. ഒറീസയിൽ വിവിധ കമ്പനികളിലായി ജോലി. 28 വർഷം ധന്യാ സിമന്റ്സിൽ സീനിയർ മാനേജരായി ജോലിയെടുത്തു. 2016ൽ ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തി.
കടമ്മനിട്ട ഗോത്ര കളരിക്കൊപ്പമാണ് ക്ഷേത്രങ്ങളില് പടയണി അവതരിപ്പിക്കുന്നത്. താഴൂർ ഭഗവതി ക്ഷേത്രത്തിൽ പുലവൃത്തം ചവിട്ടി. മറുത, ഭൈരവി കോലങ്ങൾ എടുത്ത് കളത്തിൽ നിറഞ്ഞാടി. പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ളയുടെ അനുഗ്രഹാശംസകളോടെ കടമ്മനിട്ട ഗിരീശൻ ആശാന്റെ ശിക്ഷണത്തിലാണ് പടയണി അഭ്യസിച്ചത്.
കഥകളിയിൽ ഇഷ്ടവേഷം ദുശാസനന്റേതാണ്. വേഷപ്പൊലിമ തന്നെയാണ് കാരണം. താഴൂർ ഭഗവതി ക്ഷേത്രത്തിൽ ഭദ്രകാളിയുടെ വേഷം ആടാനുള്ള തയാറെടുപ്പിലാണ് മുരളീധരൻ പിള്ള. നൂറു വയസ് തികഞ്ഞ അമ്മ ലക്ഷ്മിക്കുട്ടിയും ഭാര്യ ഗീതയും മക്കളായ സൗമ്യയും രമ്യയും പിന്തുണയുമായി അണിയറയിലുണ്ട്.